പീഡനത്തിന് വേണ്ടി ഒരു മുറി, ഇവിടെ ബലാത്സംഗം ചെയ്യാനും വെടിവെച്ച് കൊല്ലാനും സാധിക്കും; സിനിമ സെറ്റില്‍ മലയാളി സംവിധായകന്റെ പീഡനത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് നേഹ സക്‌സേന. മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിലൂടെയായിരുന്നു നേഹ മലയാള സിനിമാലോകത്തേക്ക് എത്തിയത്. ചിത്രത്തില്‍ സൂസന്‍ എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ആദ്യ ചിത്രം കൊണ്ട് തന്നെ നിരവധി ആരാധകരെ സമ്പാദിക്കാന്‍ താരത്തിന് സാധിച്ചിരുന്നു. പിന്നീട് മലയാള സിനിമാലോകത്ത് സജീവ സാന്നിദ്ധ്യമായി മാറുകയായിരുന്നു നേഹ

ഇപ്പോള്‍ ഇതാ നേഹയുടെ ഒരു വെളിപ്പെടുത്തല്‍ മലയാള സിനിമ ലോകത്തെ ഞെട്ടിപ്പിക്കുകയാണ്. മലയാളിയായ ഒരു സംവിധായകനെ കുറിച്ചാണ് നടി വെളിപ്പെടുത്തല്‍ നടത്തിയത്. സിനിമാ സെറ്റില്‍ നേരിടേണ്ടി വന്ന പീഡനവും ഭീഷണിയും സൂചിപ്പിച്ച് നടി സെന്‍ട്രല്‍ ബെംഗളൂരു പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ്
നടി പറയുന്നത് ഇങ്ങനെയാണ്…

മലയാളി സംവിധായകന്‍ ഒരുക്കുന്ന തമിഴ് സിനിമയുടെ സെറ്റിലാണ് പീഡനം നേരിടേണ്ടി വന്നത്. സംവിധായകന്റെ മകന്‍ തന്നെയായിരുന്നു ചിത്രത്തില്‍ നായക വേഷം ചെയ്തത് പ്രകാശ് രാജ് അല്ലെങ്കില്‍ നാസര്‍ എന്നിവരില്‍ ആരെങ്കിലും ഒരു പ്രധാന റോളിലുണ്ടാകുമെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. 50000 രൂപ അഡ്വാന്‍സ് തന്ന് കരാറില്‍ ഒപ്പുവെച്ചു. എന്നാല്‍ ചിത്രീകരണം തുടങ്ങി ആദ്യ ദിവസത്തില്‍ തന്നെ തനിക്ക് ചില സംശയങ്ങളുണ്ടായി. ഇത് സംബന്ധിച്ച് രണ്ടു ദിവസത്തിന് ശേഷം സംവിധായകനോട് പറഞ്ഞു. എന്നാല്‍ സംവിധായകന്‍ തന്നെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്.

നിര്‍മ്മാതാവിന് മാഫിയകളുമായി ബന്ധമുണ്ട്. അദ്ദേഹത്തിന്റെ കാസിനോയില്‍ പീഡനത്തിന് വേണ്ടിയുള്ള ഒരു മുറിയുണ്ട്. അവിടെ വെച്ച് പീഡിപ്പിക്കാനും ബലാത്സംഗം ചെയ്യാനും ഒരുപക്ഷേ വെടിവെച്ച് കൊല്ലാനും അവര്‍ക്ക് സാധിക്കുമെന്നും സംവിധായകന്‍ ഭീഷണിപ്പെടുത്തി.

കൂടെ അഭിനയിച്ച താരത്തിന്റെ ഭര്‍ത്താവ് തന്നോട് കലഹിച്ചു. സംവിധായകനോട് ചില പരാതികള്‍ പറഞ്ഞതാണ് കാരണം. സംവിധായകന്റെ മകനും അയാള്‍ക്കൊപ്പം ചേര്‍ന്നു. സെപ്റ്റംബര്‍ 19ന് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോഴും ദുരനുഭവമുണ്ടായി. ഒരു രാത്രി തനിക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം കഴിയണമെന്ന ഹോട്ടല്‍ ഉടമ ആവശ്യപ്പെട്ടു. ഞാന്‍ സംവിധായകനോട് പരാതിപ്പെട്ടെങ്കിലും അദ്ദേഹം അത് കാര്യമാക്കിയില്ലെന്നും നടി പറയുന്നു.

Read more

ചിത്രീകരണത്തിനിടെ സംവിധായകന്റെ മകന്‍ കഴുത്തിന് പിടിച്ച് കോണിപ്പടിയില്‍ നിന്ന് തള്ളിയിട്ടു. ഇത് കാരണം ശക്തമായ പുറംവേദനയുണ്ടായി. പിന്നീട് ഡയറക്ടര്‍ ഖേദം പ്രകടിപ്പിച്ചെന്നും രണ്ടു ദിവസത്തിനകം ചിത്രീകരണം പൂര്‍ത്തിയാക്കി മടങ്ങാമെന്നും പറഞ്ഞു. ആദ്യമായിട്ടാണ് ഇത്തരം അനുഭവമെന്നും നേഹ പറയുന്നു.