ഞാന്‍ പറഞ്ഞാല്‍ എം.ഡി.എം.എ അടിക്കുമോ? മയക്കുമരുന്നിനെ മഹത്വവത്കരിക്കാന്‍ ശ്രമിച്ചിട്ടില്ല: ഒമര്‍ ലുലു

‘നല്ല സമയം’ സിനിമയിലൂടെ എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കളെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ എത്തിയതോടെയാണ് നല്ല സമയം എംഡിഎംഎ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നു എന്ന എക്‌സൈസ് കേസ് വരുന്നത്.

ഇതിനെ തുടര്‍ന്ന് ഡിസംബര്‍ 30ന് റിലീസ് ചെയ്ത ചിത്രം തിയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചിരുന്നു. എന്നാല്‍ ട്രെയ്ലര്‍ മാത്രം നോക്കാതെ സിനിമ കൂടി കണ്ടാല്‍ അഭിപ്രായം മാറും എന്നാണ് ഒമര്‍ ലുലു പ്രതികരിക്കുന്നത്. യൂട്യൂബില്‍ ഒരു വീഡിയോ അപ്‌ലോഡ് ചെയ്യണമെങ്കില്‍ അതിന്റേതായ പോളിസികളുണ്ട്.

അത് പാലിക്കപ്പെട്ടത് കൊണ്ടായിരിക്കാം ട്രെയ്ലര്‍ അപ്‌ലോഡ് ആയത്. മയക്കുമരുന്നിനെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിച്ചിട്ടില്ല. യുവതലമുറയ്ക്ക് ബോധമുണ്ട്, താന്‍ പറഞ്ഞാല്‍ എംഡിഎംഎ അടിക്കുമോ. നല്ല സമയം പിന്‍വലിച്ചതും സിനിമയുടെ ട്രെയിലറിനെതിരെ എടുത്ത കേസും തമ്മില്‍ ബന്ധം ഇല്ലെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കി.

നേരിട്ട് ഹാജരായില്ലെങ്കില്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും എക്‌സൈസ് അറിയിച്ചു എന്നാണ് ഒമര്‍ ലുലു വ്യക്തമാക്കുന്നത്. അതേസമയം, ചിത്രത്തിന്റെ ട്രെയ്‌ലറില്‍ കഥാപാത്രങ്ങള്‍ എംഡിഎംഎ ഉപയോഗിക്കുന്ന രംഗമാണ് മുഴുനീളം.

Read more

ഇതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളും ഒപ്പം ചേര്‍ത്തിരുന്നു. ഇര്‍ഷാദ് ആണ് ചിത്രത്തില്‍ നായകന്‍. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികമാര്‍.