ആരോടും ഇത് പറയരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു; എന്നെ സഹായിച്ച രണ്ടുപേർ പൃഥ്വിരാജും റഹ്‌മാൻ സാറുമാണ്; തുറന്നുപറഞ്ഞ് നജീബ്

ബ്ലെസ്സി- പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആടുജീവിതം തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഏറ്റവും വേഗത്തിൽ 100 കോടി ക്ലബ്ബിൽ കയറുന്ന മലയാള ചിത്രമായും ആടുജീവിതം മാറുകയുണ്ടായി.

സിനിമയിറങ്ങിയതിന് പിന്നാലെ യഥാർത്ഥ ജീവിതത്തിലെ നജീബിന് സിനിമയുടെ അണിയറപ്രവർത്തകർ എന്ത് നൽകിയെന്ന ചോദ്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. അതിന് മറുപടിയുമായി ബ്ലെസ്സി രംഗത്തെത്തിയിരുന്നു. ആടുജീവിതം സിനിമയാക്കുന്നതിന് വേണ്ടി എഴുത്തുകാരൻ ബെന്യാമിന് നൽകിയ തുകയെക്കാൾ പത്തിരട്ടി തുക നജീബിന് എത്തിയിട്ടുണ്ടെന്നാണ് ബ്ലെസ്സി പറഞ്ഞത്. സിനിമയിൽ തന്നെയുള്ള രണ്ട് പേർ നജീബിന് പണം നൽകിയിട്ടുണ്ടെന്നാണ് ബ്ലെസ്സി പറഞ്ഞത്.

ഇപ്പോഴിതാ തനിക്ക് പണം തന്ന് സഹായിച്ചത് പൃഥ്വിരാജും എ. ആർ റഹ്മാനും ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നജീബ്. ഇത്തരം ചോദ്യങ്ങൾ ചോദിച്ച് ബ്ലെസ്സിയെ ബുദ്ധിമുട്ടിക്കുന്നത് തനിക്ക് വിഷമമുണ്ടാക്കുന്ന കാര്യമാണെന്നും അതുകൊണ്ടാണ് ഇപ്പോഴിത് പുറത്തുപറയുന്നതെന്നുമാണ് നജീബ് പറഞ്ഞത്.

“എന്നെ സഹായിച്ച രണ്ടുപേർ പൃഥ്വിരാജും റഹ്‌മാൻ സാറുമാണ്. അവർ രണ്ടുപേരും എനിക്ക് ആവശ്യത്തിലധികം പൈസ തന്ന് സഹായിച്ചു. ആരോടും ഇത് പറയരുതെന്ന് പ്രത്യേകം പറഞ്ഞതുമാണ്. പക്ഷേ ബ്ലെസി സാറിനോട് ഓരോരുത്തരും എനിക്കെന്ത് തന്നു എന്ന് ചോദിച്ച് ശല്യം ചെയ്യുന്നത് കണ്ട് വിഷമം വന്നിട്ടാണ് ഇപ്പോൾ ഈ കാര്യം പറഞ്ഞത്.

എനിക്ക് എന്ത് തന്നാലും അത് സന്തോഷമാണ്. പക്ഷേ തന്നില്ലാ എന്ന് മാത്രം ഞാൻ എവിടെയും പറയില്ല. എനിക്ക് കിട്ടിയതിൽ ഞാൻ തൃപ്‌തനാണ്. അതിന്റെ പേരിൽ ഇനി ആരും വിവാദമുണ്ടാക്കരുത് എന്നാണ് എന്റെ ആഗ്രഹം.” എന്നാണ് നജീബ് പറഞ്ഞത്.

മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിൻ ആടുജീവിതമെഴുതിയത്.

ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതമെത്തിയിരിക്കുന്നത്.

2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്.