ഇതിനൊന്നും ഞങ്ങൾ അദ്ദേഹത്തിന് വേറേ എക്സ്ട്രാ പ്രതിഫലമൊന്നും കൊടുത്തിട്ടില്ല..; എ. ആർ റഹ്മാനെ പ്രശംസിച്ച് പൃഥ്വിരാജ്

മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിൻ ആടുജീവിതമെഴുതിയത്.

Image

ബ്ലെസ്സി ആടുജീവിതം എന്ന സിനിമയൊരുങ്ങുമ്പോൾ വലിയ പ്രതീക്ഷയോടെയാണ് മലയാളികൾ ചിത്രത്തെ നോക്കികാണുന്നത്. പൃഥ്വിരാജിന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ സിനിമ കൂടിയാണ് ആടുജീവിതം.

ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത, ഓസ്കർ ജേതാവ് എ. ആർ റഹ്മാൻ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു എന്നതാണ്. 4 ഗാനങ്ങളും, ഒരു പ്രൊമോ വീഡിയോയുമാണ് എ. ആർ റഹ്മാൻ ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. നേരത്തെ വിഖ്യാത സംഗീതജ്ഞൻ ഹാൻസ് സിമ്മറെ ചിത്രത്തിന്റെ സംഗീതം ചെയ്യുന്നതിനായി സമീപിച്ചിരുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.

ഇപ്പോഴിതാ എ. ആർ റഹ്മാനെ കുറിച്ചും അദ്ദേഹത്തിന്റെ സിനിമയ്ക്ക് വേണ്ടിയുള്ള സംഭാവനകളെ കുറിച്ചും സംസാരിക്കുകയാണ് പൃഥ്വിരാജ്. ഓസ്കർ ലഭിച്ചു നിൽക്കുന്ന സമയത്തായിരുന്നു ആടുജീവിതത്തിനായി എ. ആർ റഹ്മാനെ കാണാൻ പോവുന്നതെന്നും, ഒരു ഗാനം ചെയ്യിക്കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും പറഞ്ഞ പൃഥ്വിരാജ്, ഇപ്പോൾ എആർ റഹ്മാൻ ചെയ്ത 4 പാട്ടുകളും 1 പ്രൊമോ സോങ്ങും സിനിമയ്ക്ക് വേണ്ടി റഹ്മാൻ ചെയ്തുതന്നുവെന്നും പൃഥ്വിരാജ് പറയുന്നു.

“ഒരു ആർട്ടിന്റെ സ്പെഷ്യൽ പീസ് നന്നായി മനസിലാക്കുന്ന ആളെയാണ് നമ്മൾ ജീനിയസെന്ന് വിളിക്കുന്നത്. റഹ്മാൻ സാർ ഒരു ജീനിയസ് ആയത് കൊണ്ടായിരിക്കാം ബ്ലെസി സാറുമായി ഒരു അര മണിക്കൂർ ഇരുന്നപ്പോൾ തന്നെ അദ്ദേഹം ഇത് ചെയ്യാമെന്ന് സമ്മതിച്ചു.

അന്നദ്ദേഹം ഓസ്ക്‌കാറൊക്കെ കിട്ടിയിരിക്കുന്ന ഒരു സമയമാണ്. എല്ലാവരും റഹ്മാൻ സാറിന് വേണ്ടി ഓടി നടക്കുന്ന, കാത്തിരിക്കുന്ന സമയമാണ്.

ഞങ്ങൾ റഹ്മാൻ സാറിനെ സമീപിക്കുന്നത് ഒരു പാട്ടും, ചിത്രത്തിൻ്റെ റീ റെക്കോർഡിങും ചെയ്യുക എന്ന ആവശ്യത്തോടെയാണ്. എന്നാൽ ഇന്നിപ്പോൾ സിനിമയിൽ നാല് പാട്ടുണ്ട്. ഒരു പ്രൊമോഷണൽ സോങ്ങുണ്ട്

റീ റെക്കോർഡിങ്ങിൻ്റെ ഭാഗമായി സിനിമയ്ക്കുള്ളിൽ വേറേ ഒരുപാട് മ്യൂസിക്കുകളുണ്ട്. അദ്ദേഹം ഇതിന് വേണ്ടി മാത്രം രണ്ട് മ്യൂസിക് വീഡിയോയിൽ സ്വന്തമായി അഭിനയിച്ചു. അത് ഞങ്ങളെ ഷൂട്ട് ചെയ്യാൻ സമ്മതിച്ചു. ഇതിനൊന്നും ഞങ്ങൾ അദ്ദേഹത്തിന് വേറേ എക്സ്ട്രാ പ്രതിഫലമൊന്നും കൊടുത്തിട്ടില്ല.

അദ്ദേഹത്തിന് ഈ സിനിമയോട് ഒരു അടുപ്പം തോന്നി. സ്പെഷ്യലായി എന്തോ ഉണ്ടാക്കാനുള്ള ശ്രമമാണ് ഈ ചിത്രമെന്ന് അദ്ദേഹത്തിന് തിരിച്ചറിയാൻ സാധിച്ചു. അദ്ദേഹം ആടുജീവിതത്തിന് നൽകിയ സംഭാവനകൾക്ക് ഞാനും ബ്ലെസി ചേട്ടനും മൊത്തം അണിയറപ്രവർത്തകരും ആജീവനാന്തം കടപ്പെട്ടിരിക്കുന്നു.

പാട്ടുകൾ ഇപ്പോൾ എല്ലാവരും വലിയ രീതിയിൽ ആഘോഷിക്കുന്നു. എന്നാൽ ഇതിന്റെ റീ റെക്കോർഡിങ് ഒരു മാജിക്കാണ്. അത് സിനിമ കാണുമ്പോൾ മനസിലാവും.” എന്നാണ് സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറയുന്നത്.

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്യുന്നത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതമെത്തുന്നത്.

2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്.