‘ആടുജീവിതം’ തിയേറ്ററുകള്‍ ഹൗസ്ഫുള്ളായി പ്രദര്‍ശനം തുടരുകയാണ്. ഇതിന് പിന്നാലെ പൃഥ്വിരാജിന്റെ ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ എന്ന ബോളിവുഡ് ചിത്രവും റിലീസിന് ഒരുങ്ങുകയാണ്. ഇതിനിടെ പൃഥ്വിരാജ് ആദ്യമായി സ്‌ക്രീന്‍ ടെസ്റ്റിന് എത്തിയത് തന്റെ വീട്ടില്‍ ആയിരുന്നു എന്നുള്ള ഫഹദ് ഫാസിലിന്റെ വാക്കുകളും അതിന് മറുപടിയായി പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളുമാണ് ശ്രദ്ധ നേടുന്നത്.
പൃഥ്വിരാജിന്റെ അഭിമുഖത്തിനിടെ പങ്കുവച്ച വീഡിയോയിലാണ് ഫഹദ് സംസാരിച്ചത്. കൈയ്യെത്തും ദൂരത്ത് എന്ന സിനിമയ്ക്കായി പൃഥ്വിയെ സക്രീന്‍ ടെസ്റ്റിന് വിളിച്ചതിനെ കുറിച്ചാണ് ഫഹദ് പറഞ്ഞത്. ”പൃഥ്വിയെ ആദ്യമായി ഒഡിഷന്‍ ചെയ്തത് എന്റെ വീട്ടില്‍ വച്ചായിരുന്നു, എന്റെ അച്ഛനാണ് ഓഡിഷന്‍ ചെയ്തത്. അന്ന് ഒരു താരത്തിന്റെ ഉദയത്തിന് സാക്ഷ്യം വഹിച്ചവരില്‍ ഒരാള്‍ ഞാനായിരുന്നു. പൃഥ്വിക്കൊപ്പം ഞാന്‍ പങ്കുവക്കുന്ന ബന്ധം അതാണ്.”
”നജീബ് ആകാന്‍ ആര്‍ക്കെങ്കിലുമാകുമെങ്കില്‍ അത് പൃഥ്വിയാണ്. നീ കടന്നുപോയ മാനസികവും ശാരീരികവുമായ മാറ്റത്തിലേക്കുള്ള യാത്ര എന്താണെന്ന് എനിക്ക് അറിയാം. ആ സമയത്ത് നമ്മള്‍ തമ്മില്‍ കണ്ടിരുന്നു. അത് ജോലിയുടെ ഭാഗമെന്ന പോലെ സാധാരണ മട്ടില്‍ നീ ചെയ്തു. പൃഥ്വി കാരണം ഇത് എന്റെ സ്വന്തം സിനിമ പോലെ തോന്നുകയാണ്” എന്നാണ് ഫഹദ് പറയുന്നത്.
താനും നടി അസിനും സ്‌ക്രീന്‍ ടെസ്റ്റിന് പോയതിനെ കുറിച്ച് പൃഥ്വിയും സംസാരിക്കുന്നുണ്ട്. ”ഷാനുവിന്റെ അച്ഛന്‍ ഫാസില്‍ സാര്‍ 20 വര്‍ഷമായി ചെന്നൈയില്‍ ഞങ്ങളുടെ വീട് വാടകയ്ക്ക് എടുത്തിരുന്നു. ഒരിക്കല്‍ ഞങ്ങള്‍ ആലപ്പിയിലൂടെ യാത്ര ചെയ്യുമ്പോള്‍ അമ്മ കാര്‍ നിര്‍ത്തി എന്നോട് ഫാസില്‍ സാറിനോട് ചെക്ക് വാങ്ങാന്‍ പറഞ്ഞു.”
”അപ്പോഴാണ് ഫാസില്‍ സാര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം എന്നെ കാണുന്നത്. അദ്ദേഹം എന്നോട് ഒരു സ്‌ക്രീന്‍ ടെസ്റ്റിനായി ചെല്ലണമെന്ന് പറഞ്ഞു. അടുത്ത ദിവസം ഞാന്‍ സ്‌ക്രീന്‍ ടെസ്റ്റിനായി പോയി. ക്യാമറയ്ക്കും മുന്നില്‍ ഒരു പാട്ടില്‍ അഭിനയിക്കാന്‍ അദ്ദേഹം എന്നോട് പറഞ്ഞു. കോ-സ്റ്റാര്‍ ആയി ഒരു പെണ്‍കുട്ടിയേയും സ്‌ക്രീന്‍ ടെസ്റ്റിനായി വിളിച്ചു.”
Read more
”അത് അസിനായിരുന്നു. അസിന്‍ ആ സമയം ഒമ്പതാം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു. അന്നാണ് ഫഹദിന്റെ ആലപ്പിയിലെ വീട്ടില്‍ ഞാന്‍ ആദ്യമായി ഒരു സിനിമയുടെ സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയത്. ഫഹദിന്റെ അടുത്ത ചിത്രമായ ആവേശത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്” എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.