BGT 2024-25: 'ഞാനതില്‍ വിജയിച്ചു'; ബുംറയ്‌ക്കെതിരെ പുറത്തെടുത്ത ഗെയിം പ്ലാന്‍ വെളിപ്പെടുത്തി കോന്‍സ്റ്റാസ്

ഇന്ത്യക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യന്‍ ഹിറ്റ് പേസര്‍ ജസ്പ്രീത് ബുംറയ്‌ക്കെതിരെ പുറത്തെടുത്ത ഗെയിം പ്‌ലാന്‍ വെളിപ്പെടുത്തി ഓസീസ് യുവഓപ്പണര്‍ സാം കോന്‍സ്റ്റാസ്. ആദ്യദിനത്തിലെ കളി അവസാനിച്ച ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് ജസ്പ്രീത് ബുംറയ്ക്കെതിരേ ഗെയിം പ്ലാന്‍ എന്തായിരുന്നുവെന്നു സാം കോണ്‍സ്റ്റാസ് വെളിപ്പെടുത്തിയത്.

ബുംറയുടെ വളരെ അസാധാരണമായ ബൗളിങ് ആക്ഷനെക്കുറിച്ച് മനസ്സിലാക്കാനാണ് തുടക്കത്തില്‍ ശ്രമിച്ചതെന്നാണ് ഓസ്ട്രേലിയന്‍ താരം പറയുന്നത്. ബുംറയ്‌ക്കെതിരെ കളിക്കേണ്ട ഷോട്ടുകളെ കുറിച്ച് നേരത്തെ ഒരു ധാരണയുണ്ടാക്കിയെടുത്തിരുന്നെന്നും എല്ലാവിധ സ്വാതന്ത്രവും തന്റെ ടീം തനിക്ക് നല്‍കിയിരുന്നെന്നും താരം വെളിപ്പെടുത്തി.

ജസ്പ്രീത് ബുംറയുടെ ബൗളിങ ആക്ഷന്‍ മനസ്സിലാക്കാനായിരുന്നു ആദ്യത്തെ ഓവറില്‍ ശ്രമിച്ചത്. അദ്ദേഹത്തിനെതിരായ ഷോട്ട് മുന്‍കൂട്ടി തന്നെ തയ്യാറാക്കുകയും ചെയ്തിരുന്നു. ഇതു ക്രിക്കറ്റ് മാത്രമാണ്, സമ്മര്‍ദ്ദവുമുണ്ടായിരുന്നു.

സ്വയം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം എനിക്കു നല്‍കിയിരുന്നു. ബുംറ ഒരു ഇതിഹാസമാണ്. അദ്ദേഹത്തിനു മേല്‍ അല്‍പ്പം സമ്മര്‍ദ്ദം ചെലുത്തി, അതില്‍ വിജയിക്കുകയും ചെയ്തു- കോന്‍സ്റ്റാസ് പറഞ്ഞു.