ഇന്ത്യൻ 2-വിൽ അഭിനയിച്ചതിന് ശേഷം ചീത്തവിളികളും ഭീഷണിയുമാണ് എനിക്ക് കിട്ടികൊണ്ടിരിക്കുന്നത്: പ്രിയ ഭവാനി

വലിയ ഹൈപ്പോടെ തിയേറ്ററുകളിൽ എത്തിയ ഷങ്കർ- കമൽഹാസൻ ചിത്രം ‘ഇന്ത്യൻ 2’ ദയനീയ പരാജയം ഏറ്റുവാങ്ങയിരിക്കുകയാണ്. തിയേറ്ററിൽ ആദ്യ ദിനങ്ങളിൽ കളക്ഷൻ നേടിയെങ്കിലും പ്രേക്ഷക പ്രശംസകൾ നേടുന്നതിൽ ചിത്രം പരാജയപ്പെട്ടിരുന്നു.

റിലീസിന് ശേഷം പെട്ടെന്ന് തന്നെ ചിത്രം ഒടിടിയിലും സ്ട്രീമിംഗ് ആരംഭിക്കുകയാണ്. ഓഗസ്റ്റ് 9 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം ഒടിടിയിലെത്തുന്നത്. എന്നാൽ ഇപ്പോഴിതാ ഇന്ത്യൻ 2-വിൽ അഭിനയിച്ചതിന് ശേഷം തനിക്ക് സോഷ്യൽ മീഡിയയിലൂടെ ചീത്തവിളികളും, ഭീഷണികളുമാണ് വന്നുകൊണ്ടിരിക്കുന്നത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിൽ വേഷമിട്ട പ്രിയ ഭവാനി. ആരതി തങ്കവേൽ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പ്രിയ എത്തിയത്. ടൈം ട്രാവൽ നടത്തി പുറകോട്ട് പോയാല് ഇന്ത്യൻ 2 ഓഫർ താൻ നിരസിക്കില്ലെന്നാണ് പ്രിയ ഭവാനി പറയുന്നത്.

“ഇന്ത്യന്‍ 2വിൽ കരാർ ഒപ്പിട്ടതിനുശേഷം എനിക്കു വലിയ ഓഫറുകൾ വന്നിരുന്നു. വലിയ സിനിമയാണെങ്കില്‍ തന്നെ എന്റെ കഥാപാത്രത്തിന് കഥയിൽ എത്രത്തോളം പ്രാധാന്യമുണ്ടെന്നാണ് നോക്കുക. നായകനൊപ്പം ഡ്യുവറ്റ് പാടുന്ന നായികയേക്കാൾ കഥയിൽ എന്റെ സ്പേസ് എന്താണെന്നേ ഞാൻ നോക്കൂ.

ഒരു സിനിമ പരാജയപ്പെടുമ്പോൾ അതുമായി ബന്ധപ്പെട്ട എല്ലാവർക്കും അതിന്റെ പ്രത്യാഘാതം സംഭവിക്കും. നിർമാതാവിനു മാത്രമല്ല, നമ്മുടെയും എത്രത്തോളം സമയവും പ്രതീക്ഷകളുമാണ് നഷ്ടമാകുന്നത്. ഈ സിനിമയുടെ വിധി അറിഞ്ഞ ശേഷവും ഇന്ത്യൻ 2 ഓഫർ വന്നാൽ ഇനിയും ഞാൻ സ്വീകരിക്കും.

ഇന്ത്യൻ 2 റിലീസിനുശേഷം ആളുകൾ എന്നെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അതെന്നെ തീർച്ചയായും വേദനിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ടൈം ട്രാവൽ നടത്തി പുറകോട്ട് പോയാലും ഇന്ത്യൻ 2 ഓഫർ നിരസിക്കില്ല. എന്നെ സംബന്ധിച്ചടത്തോളം അത് വലിയ അവസരമായിരുന്നു. ഈ ഇൻഡസ്ട്രിയിലെ ഏതെങ്കിലും നായിക ഒരു കമൽഹാസൻ–ശങ്കർ ചിത്രം നിരസിക്കുമോ? അതൊരു വലിയ സ്ക്രീൻ സ്പെയ്സ് ആണ്.

കമൽഹാസന്‍ സർ തിരഞ്ഞെടുത്തൊരു തിരക്കഥ, സംവിധാനം ശങ്കർ. അവിടെ എന്തിനാണ് ഞാൻ കൂടുതല്‍ സംശയിക്കുന്നത്. ഞാൻ തീർച്ചയായും ചെയ്യും. ആ സിനിമ ചെയ്തതില്‍ എനിക്കൊരു നിരാശയുമില്ല. എല്ലാ സിനിമകളുടെയും വിധി ഒന്നായിരിക്കല്ലല്ലോ? പ്രേക്ഷകരെ നിരാപ്പെടുത്തിയതിൽ സങ്കടമുണ്ട്.” എന്നാണ് ഗലാട്ട പ്ലസിന്  നൽകിയ അഭിമുഖത്തിൽ പ്രിയ പറഞ്ഞത്.

1996-ൽ പുറത്തിറങ്ങിയ ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ സീക്വലാണ് ഈ ചിത്രമെന്ന പ്രത്യേകതയുമുണ്ട്. സേനാപതി എന്ന സ്വാതന്ത്ര്യ സമര നായകനായാണ് ചിത്രത്തിൽ കമൽഹാസൻ എത്തുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ രവി വർമ്മനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ്.ഇന്ത്യൻ 2 വിൽ ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നത് അൻപറിവ് മാസ്റ്റേഴ്സ് ആണ്.

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്ക്കരനും രാജ്കമൽ ഫിലിംസ് ഇന്റർനാഷണലും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
20 വർഷത്തിനു ശേഷമാണ് കമലും ഷങ്കറും ഒന്നിച്ചു സിനിമ ചെയ്യുന്നത്.