അടുപ്പിച്ച് നാല് ഫ്‌ളോപ്പുകള്‍! സിനിമയില്‍ നിന്നും കുഞ്ചാക്കോ ബോബനെ മാറ്റണോ എന്ന് കമല്‍ വരെ ചോദിച്ചു.. എന്നാല്‍..: നിര്‍മ്മാതാവ് പറയുന്നു

ഒരു കാലത്ത് മലയാള സിനിമയിലെ ഹിറ്റ് ജോഡിയായിരുന്നു കുഞ്ചാക്കോ ബോബന്‍-ശാലിനി. ‘അനിയത്തിപ്രാവ്’ മുതല്‍ ഹിറ്റുകളാണ് ഈ ജോഡിയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഇരുവരും ഒന്നിച്ച ഹിറ്റ് സിനിമകളില്‍ ഒന്നാണ് 1999ല്‍ പുറത്തിറങ്ങിയ ‘നിറം’. ഈ സിനിമയ്ക്ക് മുമ്പ് ഇറങ്ങിയ കുഞ്ചാക്കോ ബോബന്‍ സിനിമകള്‍ എല്ലാം പരാജയമായിരുന്നു.

തുടര്‍ച്ചയായി ഫ്‌ളോപ്പുകള്‍ ചെയ്ത താരത്തെ നിറത്തില്‍ നിന്നും മാറ്റേണ്ടി വരുമോ എന്ന ചിന്ത ഉണ്ടായിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവായ കെ. രാധാകൃഷ്ണന്‍. എന്നാല്‍ കഥയിലും സംവിധായകനിലും കോണ്‍ഫിഡന്‍സ് ഉള്ളതു കൊണ്ടാണ് താരത്തെ മാറ്റാതിരുന്നത് എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.

”ചാക്കോയുടെ വീട്ടില്‍ പോയി ചാക്കോയുടെ ഡേറ്റ് വാങ്ങി കണ്‍ഫേം ചെയ്തു. ചെന്നൈയില്‍ പോയി ശാലിനിയോട് കഥ പറഞ്ഞു. ശാലിനിയോട് ഡേറ്റ് വാങ്ങിച്ചു. കമല്‍ ആണ് ഡയറക്ടര്‍. അത് കഴിഞ്ഞ് നമ്മള്‍ പടം തുടങ്ങുമ്പോള്‍ കാണാം ചാക്കോയുടെ അടുപ്പിച്ച് പടങ്ങള്‍ അടുപ്പിച്ച് ഫ്‌ളോപ്പ് ആണ്.”

”ചന്ദാമാമ’ അടക്കം ചാക്കോയുടെ നാല് പടങ്ങള്‍ അടുപ്പിച്ച് ഫ്‌ളോപ്പ് ആണ്. അപ്പോ പിന്നെ എല്ലാവര്‍ക്കും ടെന്‍ഷനായി, കമല്‍ വരെ ടെന്‍ഷനായി. പ്രശ്‌നമാകുമോ നമ്മള്‍ ഈ പ്രോജക്ട് ചെയ്യുമ്പോള്‍ ചാക്കോയെ മാറ്റണ്ടി വരുമോ? ചോദിച്ചു. നാന മാസികയില്‍ നിന്നൊക്കെ വിളിച്ച് കുഞ്ചാക്കോ ബോബനെ മാറ്റുന്നുണ്ടോ എന്ന് ചോദിച്ചു.”

”ഞാന്‍ മാറ്റുന്ന പ്രശ്‌നമേയില്ല, കാരണം എനിക്ക് എന്റെ സബ്ജക്ടിലും ഡയറക്ടറിലും കോണ്‍ഫിഡന്‍സ് ഉണ്ട്. പിന്നെ എന്തിന് ഞാന്‍ കുഞ്ചാക്കോയെ മാറ്റണം. നമുക്ക് അങ്ങനെ നോക്കണ്ട കാര്യമില്ലെന്ന് കമലിനോട് പറഞ്ഞു. ആ പടം അങ്ങനെ തന്നെ തീര്‍ക്കാന്‍ പറ്റി. നന്നായിട്ട് തന്നെ റിലീസ് ചെയ്യാന്‍ സാധിച്ചു” എന്നാണ് നിര്‍മ്മാതാവ് ഒരു അഭിമുഖത്തില്‍ പറയുന്നത്.