കെ. സുരേന്ദ്രന്റെ കൈയില്‍ നിന്നും പത്തിന്റെ പൈസ എന്റെ അക്കൗണ്ടിലേക്ക് വന്നിട്ടില്ല: രാമസിംഹന്‍

‘1921: പുഴ മുതല്‍ പുഴ വരെ’ ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. തന്റെ പുതിയ സിനിമയ്ക്ക് ബിജെപി ഉള്‍പ്പടെയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും സഹായം ലഭിച്ചിട്ടില്ല. കെ സുരേന്ദ്രന്റെ കൈയ്യില്‍ നിന്നു പോലും തനിക്ക് പത്ത് പൈസ കിട്ടിയില്ല എന്നാണ് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ രാമസിംഹന്‍.

”കെ സുരേന്ദ്രന്റെ കൈയില്‍ നിന്നും പത്തിന്റെ പൈസ എന്റെ അക്കൗണ്ടിലേക്ക് വന്നിട്ടില്ല. പാര്‍ട്ടി അനുഭാവികള്‍ സംഭാവന നല്‍കിയിട്ടുണ്ടാകാം. മിനിഞ്ഞാന്ന് മാത്രമാണ് സുരേന്ദ്രന്‍ ഈ സിനിമ കാണണമെന്ന് ആഹ്വാനം ചെയ്തത്. ഒരു ബിജെപിക്കാരനും രാഷ്ട്രീയ നേതാവും ഈ സിനിമയുടെ പിന്നില്‍ ഇല്ല.”

”സംഘപരിവാര്‍ സംഘടനകള്‍ ചിലപ്പോള്‍ സഹായിക്കണം എന്ന് പറഞ്ഞിട്ടുണ്ടാകും. എന്നാല്‍ സംഘത്തിന്റെ ഒരു പൈസ പോലും വന്നിട്ടില്ല” എന്നാണ് രാമസിംഹന്‍ കോഴിക്കോട് നടന്ന പ്രസ് മീറ്റില്‍ പറയുന്നത്. 1921ലെ മലബാര്‍ കലാപം അടിസ്ഥാനമാക്കിയാണ് രാമസിംഹന്റെ സിനിമ വരുന്നത്.

വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്രീകരിച്ചു കൊണ്ടാണ് ‘പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. നടന്‍ തലൈവാസല്‍ വിജയ് ആണ് ചിത്രത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അഭിനയിക്കുന്നത്. ജോയ് മാത്യു, ആര്‍എല്‍വി രാമകൃഷ്ണന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.