സിനിമയില്‍ എത്തുന്നതിന് മുമ്പ് നഴ്‌സ് ആയാണ് നടി രമ്യ സുരേഷ് ജോലി ചെയ്തിരുന്നത്. ഓട്ടിസം സെന്ററില്‍ ജോലി ചെയ്തതിന് ശേഷം പിന്നീട് അത് വേണ്ടെന്ന് വയ്ക്കുകയാണ്. താന്‍ പാട്ട് പാടുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്ക് ഇരയായതോടെയാണ് സിനിമയില്‍ അഭിനയിക്കണമെന്ന ചിന്ത വന്നത്. തന്നെ വിമര്‍ശിച്ചവരോട് പ്രതികരിക്കണമെന്ന് തോന്നി എന്നാണ് രമ്യ സുരേഷ് പറയുന്നത്.
സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് രമ്യ സംസാരിച്ചത്. ”കല്യാണം കഴിഞ്ഞിട്ടാണ് നഴ്‌സിങ് ഫീല്‍ഡിലെത്തിയത്. ജോലി ചെയ്തത് ഓട്ടിസം സെന്ററിലായിരുന്നു. കുഞ്ഞുങ്ങളുടെ അവസ്ഥ കാണുമ്പോള്‍ വല്ലാത്തൊരു വിഷമമാണ്. മനസ് മടുക്കുമായിരുന്നു. ദുബായില്‍ കുടുംബത്തിനൊപ്പം താമസിക്കുകയായിരുന്നു ഞാന്‍. സുഹൃത്തുക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഒരു പാട്ട് പാടിയതാണ്.”
”അത് പിന്നീട് കൈമറിഞ്ഞു പോയി സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്ക് ഇരയായി. തന്നെ വിമര്‍ശിച്ചവരോട് കാര്യങ്ങള്‍ തുറന്നു പറയാന്‍ ഒരു സിനിമാ നടിയായാല്‍ സാധിക്കുമല്ലോ എന്ന ചിന്തയാണ് അഭിനയത്തിലേക്ക് എനിക്ക് വഴിവെട്ടിത്തുറന്നത്. പ്രശസ്തിക്ക് വേണ്ടി പാട്ടുപാടി പോസ്റ്റ് ചെയ്തതല്ല എന്ന് പറയാന്‍ വേണ്ടി മാത്രമായിരുന്നു ഞാന്‍ ശ്രമിച്ചത്. ഒരു സിനിമയില്‍ അഭിനയിച്ചിട്ട് നിര്‍ത്തിപ്പോവാമെന്ന് കരുതി.”
”സത്യന്‍ അന്തിക്കാട് സാറിന്റെ ‘ഞാന്‍ പ്രകാശനി’ലെ കഥാപാത്രം ഹിറ്റായതിന് ശേഷം ഞാന്‍ തിരിച്ച് ദുബായിലേക്ക് പോയി. ആ സമയത്ത് അവസരങ്ങളൊന്നും വന്നില്ല. അങ്ങനെ 2019ല്‍ ആണ് നാട്ടില്‍ സെറ്റിലാവുന്നത്. ഞാന്‍ പ്രകാശന്‍ കഴിഞ്ഞപ്പോള്‍ ശരിക്കും സിനിമ ചെയ്യണമെന്ന കൊതി വന്നു. പിന്നീട് ഗൗരവത്തോടെ തന്നെയാണ് ഞാന്‍ സിനിമയെ സമീപിച്ചത്” എന്നാണ് രമ്യ പറയുന്നത്.