ഒരു കാലത്ത് ജഗദീഷിനെ കൊണ്ട് രക്ഷപ്പെട്ട ആളാണ് ഞാന്‍, സിനിമാ നടനായപ്പോഴും കൂടെ കൊണ്ടു നടന്നാല്‍ എന്റെ അന്നം മുട്ടുമെന്ന് പിന്നീട് തോന്നി: സലിംകുമാര്‍

ആദ്യകാലത്ത് സിനിമകളില്‍ നടന്‍ ജഗദീഷിനെ അനുകരിച്ചതിനെ കുറിച്ചും തുറന്നുപറഞ്ഞ് സലിം കുമാര്‍. ബിഹൈന്‍ഡ് വുഡ്സിന് വേണ്ടി സംവിധായകന്‍ മേജര്‍ രവി നടത്തിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.

‘എന്തുകണ്ടാലും അനുകരിക്കുന്ന ആളായിരുന്നു ഞാന്‍. എന്റെ ആദ്യകാലത്തെ സിനിമകളില്‍ ഞാന്‍ ജഗദീഷിനെ അനുകരിക്കുമായിരുന്നു. എന്നാല്‍ ഇത് നല്ലതല്ലെന്ന് പിന്നീട് എനിക്ക് തോന്നി.

ഒരു കാലത്ത് ഞാന്‍ ജഗദീഷിനെ കൊണ്ട് രക്ഷപ്പെട്ട ആളാണ്. ഞാന്‍ കോളജിലൊക്കെ ജഗദീഷിനെ കാണിക്കുമ്പോള്‍ കൈയടിയാണ്. ഡയലോഗ് പോലും പറയാന്‍ സമ്മതിക്കില്ല. അത്രയ്ക്ക് കൈയടിയാണ്.

എന്നാല്‍ ആ ജഗദീഷിനെ ഞാന്‍ സിനിമാ നടനായപ്പോഴും കൂടെ കൊണ്ടു നടന്നാല്‍ എന്റെ അന്നം മുട്ടുമെന്ന് പിന്നീട് തോന്നി. അതുകൊണ്ട് ഞാന്‍ മാറ്റി നിര്‍ത്തുകയായിരുന്നു.

സിനിമയിലെത്തിയപ്പോള്‍ എന്നിലെ മിമിക്രിക്കാരനെ കുറേയധികം മാറ്റി നിര്‍ത്തിയിട്ടുണ്ട്. പക്ഷേ എന്നിലെ മിമിക്രി സിനിമയില്‍ എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. സലിംകുമാര്‍ പറഞ്ഞു.