പി സരിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ നേതൃയോഗം വിളിച്ച് കെപിസിസി; കെ സുധാകരന്റെ കണ്ണൂരിലെ പരിപാടികള്‍ റദ്ദാക്കി

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വിമര്‍ശനവുമായി രംഗത്തെത്തിയ പി സരിന്റെ നീക്കങ്ങള്‍ക്ക് പിന്നാലെ നേതൃയോഗം വിളിച്ച് കെപിസിസി. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച തൃശൂരും പാലക്കാട്ടും നേതൃയോഗം ചേരും. പി സരിന്‍ നാളെ വീണ്ടും മാധ്യമങ്ങളെ കാണുമെന്നാണ് പുറത്തുവരുന്ന വിവരം.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കണ്ണൂരിലെ പരിപാടികള്‍ റദ്ദാക്കി തൃശൂരില്‍ തുടരാനാണ് തീരുമാനം. പ്രതിപക്ഷ നേതാവ് വിഡി സതീശനും നാളെ തൃശൂരില്‍ എത്തും. ഇരുവരും നേതൃയോഗങ്ങളില്‍ പങ്കെടുക്കുമെന്നാണ് വിവരം. അതേസമയം പി സരിന്‍ സിപിഎമ്മിലേക്കെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ പരാജയപ്പെട്ടാല്‍ അത് രാഹുല്‍ ഗാന്ധിയുടെ പരാജയമാകുമെന്നാണ് വിമര്‍ശിച്ചത്. പി സരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും രംഗത്തെത്തിയിരുന്നു. എന്നാല്‍ സരിന് പിന്തുണ നല്‍കാനാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം. സരിനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കുന്നത് സിപിഎമ്മിന് ഗുണം ചെയ്യുമെന്നും സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.

സ്ഥാനാര്‍ത്ഥി പട്ടികയില്‍ തിരുത്തലുണ്ടായില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കുമെന്നും സ്ഥാനാര്‍ത്ഥി ചര്‍ച്ച പ്രഹസനമാണെന്നും സരിന്‍ പറഞ്ഞിരുന്നു. എന്നാല്‍ സരിന്‍ വൈകാരികമായി പ്രതികരിക്കരുതെന്ന് സരിനോട് അപേക്ഷിച്ചിരുന്നതായും പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.