കാശ്മീര്‍ സന്ദര്‍ശിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവച്ച് ‘കടമറ്റത്ത് കത്തനാര്‍’ സിനിമയുടെ തിരക്കഥാകൃത്ത് ആര്‍. രാമാനന്ദ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദര്‍ശിക്കുന്ന ദിവസമാണ് രാമാനന്ദും സംഘവും കാശ്മീരില്‍ എത്തിയിരുന്നത്. ഡാച്ചിഗാം നാഷണല്‍ പാര്‍ക്കിനുള്ളിലെ ശിവസൂത്രം തെളിഞ്ഞു വന്ന പാറ സന്ദര്‍ശിച്ചതിനെ കുറിച്ചാണ് രാമനന്ദന്‍ പറയുന്നത്.
രാമാനന്ദന്റെ കുറിപ്പ്:
ഈ ചിത്രങ്ങളില്‍ കാണുന്നത് ഒരു പാറയാണ് അതെ വെറുമൊരു പാറ. പക്ഷേ ഈ പാറ കാണാന്‍ എടുത്ത ശ്രമം ഒന്ന് പറയട്ടെ. കാശ്മീര്‍ ഇന്ത്യയുടെ മുകുടമാണ്, ഭാരതം എന്ന പുഷ്പവാടിയിലെ സുവര്‍ണ്ണ പുഷ്പമാണ്. ഇതൊക്കെ ആയിരുന്നു ഒരുകാലത്ത് കാശ്മീര്‍ എങ്കില്‍ ഇന്ന് ഏതു നിമിഷവും എന്തും സംഭവിക്കാവുന്ന ഒരു നാട് ആയിരിക്കുന്നു അത്. പത്ത് മീറ്റര്‍ വ്യത്യാസത്തില്‍ ആയുധധാരികളായ സൈനികരും അര്‍ദ്ധ സൈനിക വിഭാഗവും പോലീസും വഴിയില്‍ ഉടനീളം കാവല്‍ നില്‍ക്കുന്നു. പോരാത്തതിന് ഞങ്ങള്‍ എത്തിയത് കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ സന്ദര്‍ശിക്കുന്ന ദിവസവും ആയിരുന്നു.
ദിനവും ഇത്രയും സുരക്ഷാ കരുതല്‍ ഉള്ളയിടത്ത് കേന്ദ്ര മന്ത്രിസഭയില്‍ പ്രധാനമന്ത്രി കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട ചുമതല നിര്‍വഹിക്കുന്ന മന്ത്രി എത്തുന്ന ദിവസം എത്രമാത്രം കൂടുതല്‍ സുരക്ഷാ കരുതല്‍ ഉണ്ടാകും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. പക്ഷേ മേല്‍പ്പറഞ്ഞ പാറ കാണുവാന്‍ ഉള്ള അതിയായ ആഗ്രഹം എന്ത് പ്രതിബന്ധങ്ങള്‍ ഉണ്ടായാലും തരണം ചെയ്യണം എന്നുള്ള മാനസികാവസ്ഥയില്‍ ഞങ്ങളെ എല്ലാവരുടെയും മനസ്സിനെ എത്തിച്ചിരുന്നു. ആയുധധാരിയായ ഒരു പോലീസുകാരനെ വണ്ടിയുടെ മുന്നില്‍ ഇരുത്തിയാണ് അങ്ങോട്ട് യാത്ര ചെയ്തത്. ഡാച്ചിഗാം നാഷണല്‍ പാര്‍ക്കിന്റെ ഉള്ളില്‍ ആണ് ഈ പാറ ഉള്ളത്.
ഈശ്വര്‍ ആശ്രമം ട്രസ്റ്റില്‍ നിന്ന് വളരെ അടുത്തായിരുന്നു എങ്കിലും ഒരുപാട് ദൂരം ചുറ്റി വളഞ്ഞാണ് അവിടെയെത്താന്‍ സാധിച്ചത് പലയിടത്തും പോലീസ് തടഞ്ഞു അപ്പോഴൊക്കെ കാശ്മീരിനെ ഉള്ളം കയ്യില്‍ അറിയുന്ന ശ്രീ ആനന്ദ തീവാരി ഊടു വഴികളിലൂടെ ഡാച്ചിഗാം ലക്ഷ്യമാക്കി സഞ്ചരിച്ചു. ഒടുവിലാ നാഷണല്‍ പാര്‍ക്കിന് മുമ്പില്‍ എത്തി. അതിനുള്ളില്‍ ഒരു സിആര്‍പിഎഫ് ക്യാമ്പ് ഉണ്ട്. കാശ്മീരില്‍ മൂന്നുദിവസം കര്‍ഫ്യൂ ആണ്, ഒരു കാരണവശാലും അകത്തു കയറാന്‍ പറ്റില്ല എന്നു പറഞ്ഞു. പലതവണ സംസാരിച്ചുവെങ്കിലും അവര്‍ സമ്മതിച്ചില്ല ആനന്ദ് തിവാരി ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ വിളിച്ച് അകത്തേക്ക് കയറാനുള്ള അനുമതി നേടിയെടുത്തു.
പക്ഷേ പാറയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ വെച്ച് ഞങ്ങളുടെ വാഹനം സിആര്‍പിഎഫ് തടഞ്ഞു. ആരു പറഞ്ഞാലും മുകളിലേക്ക് വിടില്ല എന്നവര്‍ ശാഠ്യം പിടിച്ചു. മൂവായിരത്തോളം കിലോമീറ്റര്‍ അകലെ നിന്ന് ഈ പാറ കാണണം എന്ന് ആശിച്ച് ഇത്രയും സുരക്ഷ കവചങ്ങള്‍ കടന്നു എത്തിയിരിക്കുന്നത് ഞങ്ങള്‍ അഞ്ച് കിലോമീറ്റര്‍ അകലെ തടഞ്ഞു നില്‍ക്കുകയാണ്. ഈ പാറമേല്‍ കത്തിക്കാന്‍ ഒരു ദീപം ശ്രീ ജോര്‍ജ് ബലേസാര്‍ തന്നു വിട്ടിരുന്നു. ആ പുഴയില്‍ നിക്ഷേപിക്കാന്‍ അല്പം പുഷ്പങ്ങളും, ആ പാറ കാണാന്‍ ഒരു അനുമതി ആരാണ് ഞങ്ങള്‍ക്ക് തരിക? ആ പാറ കാണാന്‍ അനുമതി തരേണ്ടത് അവനല്ലേ ? അവന്‍ ആ അനുമതി തന്നാല്‍ പിന്നെ ആര്‍ക്കാണ് അത് തടയാനാവുക! പക്ഷേ ഞങ്ങള്‍ ആരും അവനോട് അനുമതി ചോദിച്ചില്ലല്ലോ?
ഞങ്ങള്‍ കയ്യിലിരുന്ന ദീപം കത്തിച്ച് പുഷ്പങ്ങള്‍ ഒഴുകിവരുന്ന ആ ജലത്തിലേക്ക് പ്രാര്‍ത്ഥനാപൂര്‍വ്വം നിക്ഷേപിച്ചു, അവനോട് ഹൃദയം കൊണ്ട് ചോദിച്ചു, വന്നു കണ്ടോട്ടെ? സിആര്‍പിഫ് കാര്‍ ഞങ്ങളോട് വിളിച്ചുപറഞ്ഞു അനുമതി കിട്ടിയിട്ടുണ്ട് …. അവന്‍ ആ അനുമതി തന്നിരിക്കുന്നു. ഞങ്ങള്‍ ഉത്സാഹപൂര്‍വ്വം വാഹനത്തില്‍ ഓടി കയറി. ശിരസ്സ് നമ്രമായിരുന്നു ഹൃദയം പ്രാര്‍ത്ഥനാഭരവും. അഞ്ചു കിലോമീറ്റര്‍ വനത്തിലൂടെ സഞ്ചരിച്ച് സിആര്‍പിഎഫ് ക്യാമ്പിന്റെ അടുത്ത് വണ്ടി നിര്‍ത്തി കാട്ടിനുള്ളിലേക്ക് നടന്നു കയറണം. പത്തു മിനിറ്റ് നടന്നാല്‍ ഈ പാറയുടെ അടുത്ത് എത്താം. മന്ത്രമുഖരിതമായി ഒഴുകുന്ന ഒരു കുഞ്ഞു നദിക്കരികെ ശിരസുയര്‍ത്തി നില്‍ക്കുന്ന മഹേന്ദ്ര പര്‍വതത്തിന്റെ താഴ്വരയില്‍ അതാ ആ പാറ.
ഞങ്ങള്‍ അവിടേക്ക് നടന്നു നീങ്ങി പാറയില്‍ വീണ് സാഷ്ടാംഗ നമസ്‌കാരം ചെയ്തു. തലയുയര്‍ത്തിയപ്പോള്‍ കൂടെ വന്ന ആനന്ദ തീവാരി എന്റെ മുഖത്തേക്ക് അത്ഭുതം കലര്‍ന്ന ഭാവത്തോടെ നോക്കി നില്‍ക്കുന്നു. ജീവന്‍ പണയം വെച്ച് ഇത്രയും സുരക്ഷാ കവചങ്ങള്‍ ഭേദിച്ച് ആരെയൊക്കയോ വിളിച്ചു ഈ കാട്ടിനുള്ളില്‍ കയറിയത് ഈ പാറ കാണാന്‍ ആണോ എന്ന ഭാവമായിരുന്നു ആ മുഖത്ത്. ശരിയാണ് ഈ ചിത്രം കാണുന്ന ആര്‍ക്കും തോന്നാം ഏത് നദിക്കരികിലും ഉള്ള ഒരു സാധാരണ പാറ അത് കാണാനാണോ ഇത്രയും ശ്രമം? അതും കാശ്മീരില്‍ അസന്ധിഗ്ദാവസ്ഥകള്‍ക്ക് നടുവില്‍? എന്നാല്‍ നിങ്ങള്‍ക്കറിയുമോ ഈ പാറ എന്താണെന്ന്?
ചൈതന്യമാണ് ആത്മാവ് എന്ന് പറഞ്ഞു തുടങ്ങുന്ന ശിവസൂത്രം തെളിഞ്ഞുവന്ന പാറയാണിത്. ഏഴാം നൂറ്റാണ്ടില്‍ വസുഗുപ്തന്‍ എന്ന ശിവയോഗിയ്ക്ക് സ്വപ്നത്തില്‍ ശിവന്‍ പ്രത്യക്ഷപ്പെട്ടു കൊണ്ട് മഹേന്ദ്രപര്‍വ്വതത്തിലെ ശങ്കരപാല പാറയില്‍ ശിവസൂത്രങ്ങള്‍ ഞാന്‍ എഴുതിയിരിക്കുന്നു എന്ന് ശിവന്‍ അരുളി. പിറ്റേന്ന് ഈ പാറമേല്‍ ആണ് ബോധത്തിന്റെ 77 സൂത്രവാക്യങ്ങള്‍ തെളിഞ്ഞുവന്നത്. അവന്റെ പാറ കാണാന്‍ അവനല്ലാതെ മറ്റാരാണ് അനുമതി തരേണ്ടത്? അവനത് തന്നാല്‍ ആര്‍ക്കാണ് അത് തടയാന്‍ ആവുക.