'ഹോളിവുഡിലാണെങ്കിലും ബോളിവുഡിലാണെങ്കിലും ലൈംഗിക ചൂഷണം ഒരു യാഥാര്‍ത്ഥ്യം'

ലൈംഗിക പീഡനത്തിന് ബോളിവുഡ് ഹോളിവുഡ് വേര്‍തിരിവില്ല, എവിടെയും അതൊരു യാഥാര്‍ത്ഥ്യമാണെന്ന് ഇന്ത്യന്‍- അമേരിക്കന്‍ നടി ഷെനാസ് ട്രേഷ്രെ. ബോളിവുഡിലാകട്ടെ ഹോളിവുഡിലാകട്ടെ ലൈംഗികപീഡനം യാഥാര്‍ത്ഥ്യം തന്നെയാണ്.  ആദ്യകാലങ്ങളില്‍ ഞാനും  അത് അനുഭവിച്ചിട്ടുണ്ട്. ഒരു പുരുഷാധിപത്യ വ്യവസായത്തിന്റെ പ്രതിഫലനമാണിതെല്ലാം. എന്നാല്‍ മീ ടു ക്യംപെയ്ന്‍ ശക്തിപ്പെടുത്തുന്നതിലൂടെ ഇത്തരം കാര്യങ്ങള്‍ക്ക് മാറ്റമുണ്ടാകുമെന്നാണെന്റെ പ്രതീക്ഷയെന്ന്  ഷെനാസ് വ്യക്തമാക്കി.

ലൈംഗിക പീഡനത്തിനെതിരായി ഒരു ബോധവല്‍ക്കരണം ഉയര്‍ത്തി കൊണ്ടുവരാന്‍ മീ ടു ക്യാംപയിനു കഴിഞ്ഞു. ഇത് ഹോളിവുഡിലെ ഹാര്‍വി വെയ്ന്‍സ്റ്റന്‍, സ്റ്റാന്‍ ലി, ബെന്‍ അഫ്‌ലെക്, ബ്രെറ്റ് റാറ്റ്‌നര്‍ തുടങ്ങിയ അതികായന്മാര്‍ക്ക് തിരിച്ചടിയാണ്. അതേസമയം ഒരു രാത്രി കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന വിചാരം തനിയ്ക്കില്ല.  എങ്കിലും സിനിമാ വ്യവസായമേഖലയില്‍ സ്വന്തം  അഭിപ്രായത്തെ ഉയര്‍ത്തിപ്പിടിയ്ക്കുന്ന വനിതകള്‍ക്ക് അതൊരു പ്രചോദനമാണ് – ഷെനാസ് കൂട്ടിചേര്‍ത്തു.

നവാഗതനായ സംവിധായകന്‍ അക്ഷത് വെര്‍മയുടെ ചിത്രത്തിലാണ് ഷെനാസ് അടുത്തതായി അഭിനയിക്കുന്നത്. ഡെല്‍ഹി ബെല്ലി, കാലകാണ്ടി സിനിമകളുടെ എഴുത്തുകാരനാണ് അക്ഷത്.