സിനിമാ മോഹം പെട്ടെന്നൊരു നിമിഷത്തിൽ സംഭവിച്ചതല്ല, അതൊരു നീണ്ട പ്രക്രിയയായിരുന്നു: ഷെഹ്നാദ് ജലാൽ

അടുത്തകാലത്തിറങ്ങിയ മലയാള ചിത്രങ്ങളിൽ ഛായാഗ്രഹണത്തിന് ഏറെ പ്രശംസ ലഭിച്ച രണ്ട് ചിത്രങ്ങളാണ് രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗം’, ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘ഉള്ളൊഴുക്ക്’ എന്നീ ചിത്രങ്ങൾ. രണ്ടിലും സിനിമാറ്റോഗ്രഫറായി പ്രവൃത്തിച്ചത് ഷെഹ്നാദ് ജലാൽ ആണ്. കൂടാതെ ക്രിസ്റ്റോ ടോമിയുടെ ഡോക്യുമെന്ററി ചിത്രം ‘കറി ആന്റ് സയനൈഡി’ലും ഷെഹ്നാദ് ജലാൽ ആയിരുന്നു ക്യാമറ ചലിപ്പിച്ചിരുന്നത്.

ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ചും മറ്റും സംസാരിക്കുകയാണ് ഷെഹ്നാദ് ജലാൽ. ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന പുരസ്കാരം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് ഷെഹ്നാദ് ജലാൽ പറയുന്നത്. പുഴു എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം രത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’യാണ് ഷെഹ്നാദ് ജലാലിന്റെ ഏറ്റവും പുതിയ ചിത്രം.

“ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇറങ്ങിയതിന് ശേഷം ക്യാമറാമാൻ വേണു സാറിൻ്റെ അസോസിയേറ്റ് ആയിരുന്നു ഞാൻ. അദ്ദേഹത്തിനൊപ്പം രണ്ടുവർഷം വർക്ക് ചെയ്തു. അതിനിടയിലാണ് വിപിൻ വിജയ് സംവിധാനം ചെയ്യുന്ന ‘ചിത്രസൂത്രം’ എന്ന സിനിമയിലേയ്ക്ക് എന്നെ വിളിക്കുന്നത്. ഞാൻ പഠിച്ച ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ആയിരുന്നു വിപിൻ. മികച്ച സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. വളരെയധികം സംതൃപ്തി നൽകിയൊരു വർക്കായിരുന്നു അത്. ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാനം പുരസ്കാരം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

സിനിമയെന്ന മോഹം പെട്ടെന്നൊരു നിമിഷത്തിൽ സംഭവിച്ചതല്ല, അതൊരു നീണ്ട പ്രക്രിയയായിരുന്നു. പ്രീ ഡി​ഗ്രീ കാലം തൊട്ട് ​ഗൗരവത്തോടെ സിനിമകൾ കാണുമായിരുന്നു. അതിന്റെയൊപ്പം തന്നെ സ്റ്റിൽ ഫോട്ടോ​ഗ്രഫിയും പരിശീലിക്കുന്നുണ്ടായിരുന്നു. സിനിമയോടുള്ള ഇഷ്ടവും ഫോട്ടോ​ഗ്രഫിയോടുള്ള താത്പര്യവും കൊണ്ട് സിനിമാറ്റോ​ഗ്രഫി വിഷ്വലെെസേഷൻ തിരഞ്ഞെടുത്തു.” എന്നാണ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ഷെഹ്നാദ് ജലാൽ പറഞ്ഞത്.

അതേസമയം കുട്ടനാട്ടിലെ ഒരു വെള്ളപ്പൊക്കക്കാലത്ത് തങ്ങളുടെ പ്രിയപ്പെട്ടവന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി വെള്ളപ്പൊക്കം കുറയുന്നത് വരെ കാത്തിരിക്കാൻ നിർബന്ധിതരായ ഒരു കുടുംബത്തിൻ്റെ കഥയാണ് ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ ക്രിസ്റ്റോ ടോമി പറയുന്നത്. എന്നാൽ വെള്ളം കുറയാൻ വേണ്ടി അവർ കാത്തിരിക്കുമ്പോൾ കുടുംബത്തിൻ്റെ അടിത്തറയെ തന്നെ ചോദ്യം ചെയ്യുന്ന പല രഹസ്യങ്ങളും നുണകളും പുറത്തുവരുന്നു. കള്ളങ്ങളും അതിനോടനുബന്ധിച്ച് നടക്കുന്ന മറ്റ് പ്രവൃത്തികളും കുടുംബങ്ങളിലും മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിലും എങ്ങനെയാണ് വിള്ളലുകൾ ഉണ്ടാക്കുന്നതെന്നുമാണ് ചിത്രത്തിന്റെ പ്രമേയം.

2018-ൽ സിനിസ്ഥാൻ വെബ് പോർട്ടൽ മികച്ച തിരക്കഥകൾ കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തിരക്കഥയായിരുന്നു ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക്. ലാപത ലേഡീസ് ആയിരുന്നു രണ്ടാം സ്ഥാനം കിട്ടിയ തിരക്കഥ. ‘രഹസ്യങ്ങള്‍ എത്ര കുഴിച്ചുമൂടിയാലും അത് പുറത്തുവരും’ എന്നായിരുന്നു ചിത്രത്തിന്റെ പ്രൊമോഷണൽ ടാഗ് ലൈൻ. ഒരിടവേളയ്ക്ക് ശേഷം പാർവതി മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.

റോണി സ്‌ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആർ എസ് വി പി  യുടെയും മക്ഗഫിന്‍ പിക്‌ചേഴ്‌സിന്റെയും ബാനറുകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഭ്രമയുഗത്തിന്റെ സിനിമാറ്റോഗ്രഫർ ഷെഹനാദ് ജലാലാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത്.

Read more