ആ ഗ്രൂപ്പിൽ നിന്നും പിന്മാറാൻ കാരണം ദിലീപ്- മഞ്ജു വാര്യർ പ്രശ്നമല്ല, പക്ഷേ എന്നെയത് ബാധിക്കാൻ തുടങ്ങിയിരുന്നു; തുറന്നുപറഞ്ഞ് ശ്വേത മേനോൻ

മലയാളത്തിലെ സിനിമയ്ക്ക് പുറത്തുള്ള വലിയ സൗഹൃദമായിരുന്നു മഞ്ജു വാര്യർ, ശ്വേത മേനോൻ, ഭാവന, സംയുക്ത വർമ്മ, പൂർണിമ ഇന്ദ്രജിത്ത്, ഗീതു മോഹൻദാസ് എന്നിവരുടേത്. എന്നാൽ ഒരിടയ്ക്ക് ഈ സൗഹൃദത്തിന് വിള്ളലേൽക്കുകയും ശ്വേത മേനോൻ ഈ ഗ്രൂപ്പിൽ നിന്നും പിന്മാറുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ അതിനെ കുറിച്ച് സംസാരിക്കുകയാണ് ശ്വേത മേനോൻ. മഞ്ജു വാര്യർ- ദിലീപ് വിഷയമായിരുന്നില്ല താൻ ഈ ഗ്രൂപ്പിൽ നിന്നും പിന്മാറാൻ കാരണമെന്നാണ് ശ്വേത പറയുന്നത്. അവരെ ഒറ്റയ്ക്ക് കാണുമ്പോൾ താൻ ഇപ്പോഴും സംസാരിക്കാറുണ്ടെന്നും, അവരെല്ലാവരും ഇപ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ടെന്നും ശ്വേത കൂട്ടിചേർത്തു.

“കാഴ്ചപ്പാടുകൾ മാറിയിട്ടുണ്ട്. എനിക്ക് നേരെ വാ നേരെ പോ രീതിയാണ്. എനിക്ക് വാക്കുകൾ വളച്ചൊടിച്ച് സംസാരിക്കാൻ അറിയില്ല. അടിസ്ഥാനപരമായി, ഞാൻ ഒറ്റ മോളാണ്. എനിക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ. അതുകൊണ്ടു തന്നെ, എന്നോട് ആരെങ്കിലും കള്ളത്തരം പറഞ്ഞാൽ എനിക്ക് അത് ഡൈജസ്റ്റ് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. ഞാൻ ആരോടും കള്ളത്തരം പറയാറില്ല, അതു ഞാൻ മറ്റുള്ളവരിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെയെന്തോ ഒരു സ്വരചേർച്ചയില്ലായ്മ ഉണ്ടായി.

എന്നെ മാത്രമാണ് പറ്റിക്കുന്നതെന്നാണ് അന്ന് എനിക്ക് തോന്നിയത്. എന്തിനാണ് ഇവരെയൊക്കെ ബുദ്ധിമുട്ടിക്കുന്നതെന്ന് തോന്നിപ്പോയി. ഞാന്‍ ബോളിവുഡില്‍ നിന്നും വന്നതാണ്. അവിടെ എനിക്ക് ബുദ്ധിമുട്ടുകളുണ്ടായിട്ടില്ല. ഇവിടെ വന്നിട്ട് എന്തിനാണ് ഞാന്‍ എന്നെ ബുദ്ധിമുട്ടിക്കുന്നതെന്ന് സ്വയം ചോദിച്ചു. പുറത്തുനിന്നു ആളുകൾ ചോദിക്കാൻ തുടങ്ങിയതോടെ ഞാൻ പതുക്കെ വലിയാൻ തുടങ്ങി.

മഞ്ജു വാര്യർ- ദിലീപ് പ്രശ്നമൊന്നുമല്ല. എന്തായാലും എനിക്ക് കുറച്ച് കാര്യങ്ങള്‍ ഇഷ്ടപ്പെട്ടില്ല. ഫൈറ്റോ യുദ്ധമോ നടന്നിട്ടില്ല. ഇറ്റ്സ് ഫൈന്‍ ഓക്കെ, ഗുഡ് ലക്ക് എന്ന് പറഞ്ഞാണ് പിരിഞ്ഞത്. എന്നെയത് സാരമായി ബാധിക്കാന്‍ തുടങ്ങിയിരുന്നു.”

അവരെല്ലാവരും ഇപ്പോഴും നല്ല സൗഹൃദമാണ്. ഞാനും അവരെ ഒറ്റയ്‌ക്കൊറ്റയ്ക്ക് കാണുമ്പോൾ സംസാരിക്കാറുണ്ട്, പക്ഷേ ഞാൻ ആ ഗ്രൂപ്പിന്റെ ഭാഗമല്ല. ഞാൻ പിന്നെ അങ്ങോട് തിരിഞ്ഞു നോക്കിയിട്ടില്ല” എന്നാണ് കാൻ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ശ്വേത മേനോൻ വെളിപ്പെടുത്തിയത്.