അന്ന് മമ്മൂട്ടിയുടെ കൈ തട്ടി സുകന്യയുടെ അടുത്തുനിന്നും എന്റെ മകൾ താഴെ പോയി: സിബി മലയിൽ

മമ്മൂട്ടിയെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത് 1994- ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘സാഗരം സാക്ഷി’. സുകന്യയാണ് ചിത്രത്തിൽ നായികയായെത്തിയത്. ഈ ചിത്രത്തിലൂടെയായിരുന്നു സുകന്യ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മമ്മൂട്ടിയുടെ കൈതട്ടി സുകന്യയുടെ കയ്യിൽ നിന്നും സിബി മലയിലിന്റെ മകൾ വീഴാൻ പോയ സംഭവം ഓർത്തെടുക്കുകയാണ് സംവിധായകൻ.

“ഈ സിനിമയിൽ മമ്മൂട്ടിയുടെ കുട്ടിയായി അഭിനയിക്കാൻ ഒരു പെൺകുഞ്ഞിനെ വേണമായിരുന്നു. ഷൂട്ടിം​ഗ് തുടങ്ങി കുറേ ദിവസമായി അന്വേഷിക്കുന്നുണ്ട്. പക്ഷെ അങ്ങനെ ഒരാളെ കിട്ടുന്നില്ല. നമ്മളെന്തിനാണ് ഇങ്ങനെ തപ്പി നടക്കുന്നത്, സിബിയുടെ വീട്ടിൽ ഒരു കുഞ്ഞില്ലേ എന്ന് ഔസേപ്പച്ചൻ ചോദിച്ചു.

എന്റെ രണ്ടാമത്തെ കുട്ടി മകളാണ്. അവൾക്ക് ഒന്നര വയസേ ആയുള്ളൂ. ഷൂട്ടിം​ഗ് മുടങ്ങാതിരിക്കാൻ വേണ്ടി മകളെ കൊണ്ടു വന്നു. ആദ്യത്തെ ദിവസം മകളെ കൊണ്ടുവന്നപ്പോൾ കുഴപ്പമില്ല. ആദ്യത്തെ സീൻ മമ്മൂട്ടിയും സുകന്യയും സംസാരിച്ച് തെറ്റുന്ന സീനാണ്.

മമ്മൂട്ടി പോകുന്ന വഴിക്ക് സുകന്യയെ തട്ടി മാറ്റിയപ്പോൾ സുകന്യ വേച്ച് പോയി. കുട്ടി താഴേക്ക് മലർന്ന് വീഴാൻ പോയി. ഞാൻ ക്യാമറയുടെ പിറകിലാണ്. എനിക്കെന്ത് ചെയ്യണം എന്നറിയില്ലായിരുന്നു. കുട്ടിയും പേടിച്ചു. അന്ന് തൊട്ട് ഷൂട്ടിം​ഗ് എന്ന് കേട്ടൽ അവൾ കരച്ചിൽ തുടങ്ങി. ഞാൻ രാവിവെ ഷൂട്ടിന് പോകാൻ ഒരുങ്ങുമ്പോൾ അവൾ പേടിച്ച് അമ്മയുടെ അടുത്ത് പോകും.

വലിയ ബുദ്ധിമുട്ടോടെയാണ് അവളെ വെച്ച് അഭിനയിപ്പിച്ചത്. മകൾ കാരണം ഷൂട്ടിം​ഗ് നീണ്ട് പോകുന്നു എന്ന് പറയുമെന്ന ടെൻഷൻ തനിക്കുണ്ടായിരുന്നു. പക്ഷെ മമ്മൂട്ടി അവളുടെ കരച്ചിലൊക്കെ മാറട്ടെ എന്ന് പറയുന്നുണ്ടായിരുന്നു. മമ്മൂട്ടിയോടൊപ്പം നായികയായി ആര് എന്ന ചോദ്യം ഉണ്ടായി. നിർമാതാവ് ഔസേപ്പച്ചന്റെ താൽപര്യം മീനയെ കാസ്റ്റ് ചെയ്യാമെന്നായിരുന്നു. മീന മലയാളത്തിലേക്ക് വരുന്നത് ഔസേപ്പച്ചന് വേണ്ടി ഞാൻ സംവിധാനം ചെയ്ത സ്വാതന്ത്ര്യം എന്ന സിനിമയിലൂടെയാണ്.

Read more

മീനയുമായുള്ള പരിചയവും അടുപ്പവും കാരണം അവരെ കാസ്റ്റ് ചെയ്യാമെന്ന് തീരുമാനിച്ചു. പക്ഷെ ആ സമയത്ത് മീനയ്ക്ക് ഡേറ്റില്ല. അങ്ങനെയാണ് തമിഴിൽ സിനിമകൾ ചെയ്ത് കൊണ്ടിരുന്ന സുകന്യയിലേക്ക് എത്തുന്നത്. സുകന്യ അതിന് മുമ്പ് മലയാള സിനിമകൾ ചെയ്തിരുന്നില്ലെന്നും സിബി മലയിൽ ചൂണ്ടിക്കാട്ടി. സുകന്യ നെഞ്ചോട് ചേർത്ത് വെച്ച സിനിമയാണത്. അവർ തമിഴിൽ ചെയ്തു കൊണ്ടിരുന്ന നായികാ കഥാപാത്രങ്ങളേക്കാൾ കാമ്പുളള, അഭിനേത്രിയെന്ന നിലയിൽ പെർഫോം ചെയ്യാൻ ഒരുപാട് സന്ദർങ്ങൾ ഈ ചിത്രത്തിലൂടെ  ലഭിച്ചു. ” കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് സിബി മലയിൽ അനുഭവം പങ്കുവെച്ചത്.