സിജു വിൽസനെ കേന്ദ്ര കഥാപാത്രമാക്കി വിനയൻ ഒരുക്കിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ, സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സിജു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ തന്റെ കഥാപാത്രത്തെ അവതരിപ്പിക്കാനായി ആദ്യം തീരുമാനിച്ചിരുന്നത് ദുൽഖർ സൽമാനെ ആയിരുന്നു എന്നാണ് സിജു വിൽസൺ പറഞ്ഞത്.
സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. ചിത്രത്തിൽ തന്റെ റോളായിരുന്നു ദുൽഖർ ചെയ്യേണ്ടിയിരുന്നത്. ഗസ്റ്റ് റോൾ പോലെ ഒന്നായിരുന്നു അത്. ദുൽഖർ അവതരിപ്പിച്ച ബിപീഷ് പി. എന്ന കഥാപാത്രം ആദ്യം ഉണ്ടായിരുന്നില്ല.
സുരേഷ് ഗോപിയെയും ശോഭനയേയും വെച്ചാണ് മെയ്ൻ കഥ മുമ്പോട്ട് പോയിരുന്നത്. അതിൽ ഒരു ഗസ്റ്റ് റോളിൽ ദുൽഖർ വരുന്നു അത്ര മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നീട് ദുൽഖറിന്റെ കഥാപാത്രം രൂപപ്പെടുകയായിരുന്നു. ദുൽഖർ ചെയ്യേണ്ടിയിരുന്ന കഥാപാത്രത്തിനായി വേറെ പലരേയും നോക്കിയിരുന്നു. ആ സമയത്ത് തനിക്ക് ഡേറ്റ് ഉണ്ടായിരുന്നത് കൊണ്ട് തന്നെ വിളിച്ചു. അങ്ങനെയാണ് താൻ പോയി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആ സമയത്താണ് ഉപചാരപൂർവം ഗുണ്ടജയൻ ചെയ്തുകൊണ്ടിരിക്കുന്നത്. ഡേറ്റ് ഫ്രീ ആയിരുന്നത് കൊണ്ട് പോയി. പക്ഷേ താടി പ്രശ്‌നമായിരുന്നു. പൊലീസ് കഥാപാത്രമാവുമ്പോൾ പ്രശ്‌നമാകില്ലേ എന്ന് താൻ സംവിധായകനായ അനൂപിനോട് ചോദിച്ചിരുന്നു. അതുകുഴപ്പമില്ല, കല്യാണം കഴിയുന്നത് വരെ താടി വടിക്കാൻ പാടില്ല എന്ന് ഈ കഥാപാത്രത്തിന്റെ അമ്മ നേർച്ച നേർന്നിട്ടുണ്ട് എന്ന് അനൂപ് പറഞ്ഞു.
Read more
അങ്ങനെയൊക്കെ നേരുന്നവരുണ്ടാവാം ചിലപ്പോൾ നമ്മുക്ക് ചുറ്റുമെന്നും അദ്ദേഹം പറഞ്ഞു. ആ സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് വഴി തുറന്ന് തന്നത്. കാരണം വരനെ ആവശ്യമുണ്ട് കാണുമ്പോഴാണ് വിനയൻ സാർ തന്നെ ശ്രദ്ധിക്കുന്നത്. പൊലീസ് യൂണിഫോമിൽ വന്നപ്പോഴുള്ള തൻ്റെ ഫിഗറും കാര്യങ്ങളുമൊക്കെ ശ്രദ്ധിച്ചിട്ടാണ് വിനയൻ സാർ പത്തൊൻപതാം നൂറ്റാണ്ടിലേക്ക് തന്നെ പരിഗണിക്കുന്നതെന്നും സിജു പറഞ്ഞു. സിജുവിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ചിത്രത്തിലെ ആറാട്ടുപുഴ വേലായുധപ്പണിക്കർ.