'എങ്ങനെയാണ് നിശ്ശബ്ദരായി ഇരിക്കാൻ കഴിയുന്നത്'; പലസ്തീൻ ജനതയ്ക്ക് പിന്തുണയുമായി ഗായിക മഞ്ജരി

ഇസ്രയേൽ- പലസ്തീൻ യുദ്ധം കനക്കുന്ന സാഹചര്യത്തിൽ നിരവധി പേരാണ് യുദ്ധത്തെ അപലപിച്ചുകൊണ്ട് രംഗത്തുവന്നത്. ഇപ്പോഴിതാ ഗായിക മഞ്ജരി പലസ്തീൻ ജനതയ്ക്ക് പിന്തുണയുമായി രംഗത്തുവന്നിരിക്കുകയാണ്.

ഓരോ സെക്കന്റിലും സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം നിരവധി മനുഷ്യരാണ് മരിച്ചുകൊണ്ടിരിക്കുന്നത്, എങ്ങനെയാണ് ഇത്തരം സാഹചര്യത്തിൽ  നിശബ്ദരായി ഇരിക്കാൻ കഴിയുന്നതെന്നും മഞ്ജരി ചോദിക്കുന്നു.

“ഏത് തരത്തിലുള്ള യുദ്ധത്തെയും കൊലപാതകത്തെയും ഞാൻ അപലപിക്കുന്നു. കുഞ്ഞുങ്ങളും പുരുഷന്മാരും സ്ത്രീകളും മരിക്കുന്ന വീഡിയോകളാണ് ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഓരോ ദിവസവും ഓരോ മിനിറ്റും ഓരോ സെക്കന്‍റിലും. കണ്ണുതുറന്ന് വെടിനിർത്തലിന് മുറവിളി കൂട്ടുന്നതിന് മുമ്പ് ഇനിയും എത്രയെത്ര ജീവനുകളാണ് നമുക്ക് നഷ്ടപ്പെടുത്തേണ്ടത്? നമ്മുടെ പ്രദേശത്ത് ഇത് സംഭവിക്കുകയാണെങ്കിൽ നമ്മൾ മിണ്ടാതിരിക്കുമോ?” ഇൻസ്റ്റഗ്രാമിലൂടെയാണ് മഞ്ജരി യുദ്ധത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പ്രതികരിച്ചത്.

View this post on Instagram

A post shared by Manjari (@m_manjari)

കുറച്ചുദിവസങ്ങൾക്ക് മുൻപ് നടൻ ഷെയ്ൻ നിഗമും യുദ്ധത്തെ അപലപിച്ച് രംഗത്തുവന്നിരുന്നു.”മിഠായി കവറിൽ പൊതിയുന്നത് പോലെ കൊച്ചു കുഞ്ഞുങ്ങളെ വെള്ള തുണിയിൽ പൊതിഞ്ഞു കിടത്തിയിരിക്കുന്നതൊക്കെ കാണുമ്പോൾ അത് വല്ലാതെ ബാധിക്കുന്നു. എന്റെ ആരുമല്ല അവരൊന്നും. ഇനി അവരെന്റെ മതമായത് കൊണ്ടാണോ അങ്ങനെ എന്ന് ചോദിച്ചാൽ അതുമല്ല. അത് മനുഷ്യത്വം മാത്രമാണ്. ഇൻസ്റ്റഗ്രാം നോക്കാൻ തന്നെ ഇപ്പോൾ വിഷമമാണ്… ഞാൻ ഫോളോ ചെയ്യുന്ന പേജുകൾ കൊണ്ടാണോ എന്നറിയില്ല. ഫലസ്തീനിലെ കുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. ചിലപ്പോൾ ഞാനൊരു സെൻസിറ്റീവ് മനുഷ്യനായത് കൊണ്ടാവാം” എന്നാണ് ഷെയ്ൻ പ്രതികരിച്ചത്.