2008 മുതൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി വിരാട് കോഹ്‌ലി കളിക്കുന്നുണ്ട്. എന്നാൽ ഫ്രാഞ്ചൈസിയും കോഹ്‌ലിയും ഇപ്പോഴും അവരുടെ കന്നി ട്രോഫിക്കായി കാത്തിരിക്കുകയാണ്. മൂന്ന് തവണ ഫൈനലിലെത്തിയിട്ടും, ഇന്ത്യൻ പ്രീമിയർ ലീഗിൽ അവർക്ക് വിജയം ആസ്വദിക്കാൻ കഴിയാൻ ഭാഗ്യം ഇല്ലാതെ പോയ ടീമാണ് ആർസിബി. വിരാട് കോഹ്‌ലിയെ സംബന്ധിച്ച് അദ്ദേഹം രണ്ട് തവണ ഓറഞ്ച് ക്യാപ് നേടിയിട്ടുണ്ട് എന്ന് മാത്രമല്ല ലീഗിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരനുമാണ്. 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടി മികച്ച രീതിയിൽ സീസൺ തുടങ്ങിയ കോഹ്‌ലി എന്തായാലും ഈ സീസണിൽ ടീമിനെ കിരീട വിജയത്തിലേക്ക് നയിക്കാൻ ആഗ്രഹിക്കുന്നു.
21 കോടി ആണ് കോഹ്‌ലിയെ ആർസിബി നിലനിർത്തിയത്. താൻ മറ്റൊരു ടീമിലും കളിക്കില്ല എന്നും ആർസിബിയിൽ കളിച്ച് വിരമിക്കും എന്നുമാണ് കോഹ്‌ലി പറഞ്ഞിരിക്കുന്നത്. മറ്റ് ഫ്രാഞ്ചൈസികളിൽ നിന്ന് നിരവധി ഓഫറുകൾ വന്നെങ്കിലും ടീമോനോടുള്ള സ്നേഹത്തിൽ താരം ആർസിബിയിൽ തന്നെ തുടരുകയാണ്.
എന്തായാലും ആർസിബിയുടെ കിരീട വരൾച്ചയ്ക്ക് പിന്നിലെ കാരണം മുൻ കളിക്കാരൻ നവ്ജോത് സിംഗ് സിദ്ധു അടുത്തിടെ പറഞ്ഞിരുന്നു. ഗുജറാത്ത് ടൈറ്റൻസിനെതിരായ പഞ്ചാബ് കിംഗ്‌സിന്റെ വിജയത്തെക്കുറിച്ച് അഭിപ്രായം പറയുമ്പോഴാണ് അദ്ദേഹം കോഹ്‌ലിയുടെ വിഷയം എടുത്തിട്ടത്.
“റൺസ് നേടിയതിന്റെ പേരിൽ മാത്രം വിരാട് കോഹ്‌ലിക്ക് ഐപിഎൽ കിരീടമാണ് നേടാൻ സാധിക്കില്ല എന്ന് മനസിലായില്ലേ. അദ്ദേഹം എല്ലാ വർഷവും റൺസ് നേടുന്നുണ്ട്, പക്ഷേ ആർസിബി ഇപ്പോഴും ട്രോഫി നേടിയിട്ടില്ല. ഒരു കളിക്കാരന് ഒറ്റയ്ക്ക് ഒരു കിരീടം നേടാൻ കഴിയില്ല. ഐപിഎല്ലിൽ വിജയം നേടാൻ നിങ്ങൾക്ക് ഒരു ടീം കോമ്പിനേഷൻ ആവശ്യമാണ്,” അദ്ദേഹം പറഞ്ഞു.
ലീഗിന്റെ 18-ാം സീസണിൽ പഞ്ചാബ് കിംഗ്സിന്റെ ശക്തികളെക്കുറിച്ച് സിദ്ധു സംസാരിച്ചു. “ഈ വർഷം പഞ്ചാബിന്റെ ടീം സ്ഥിരതയുള്ളതായി തോന്നുന്നു. ശ്രേയസ് അയ്യർ, റിക്കി പോണ്ടിംഗ് എന്നിവരുടെ കീഴിൽ ഒരു പുതിയ യുഗത്തിന്റെ തുടക്കമാണിത്,” അദ്ദേഹം കൂട്ടിച്ചേർത്തു.