അറസ്റ്റ് ചെയ്ത് രക്തസാമ്പിളുകള്‍ എടുക്കണം, എന്നാലേ എന്തിന്റെ അടിമയാണെന്ന് കണ്ടെത്താന്‍ പറ്റു; ശ്രീനാഥ് ഭാസിക്ക് എതിരെ സിയാദ് കോക്കര്‍

അഭിമുഖത്തിനിടെ അവതാരകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ നിര്‍മ്മാതാവ് സിയാദ് കോക്കര്‍. സംഭവം നടന്നയുടനെ ശ്രീനാഥ് ഭാസിയെ പൊലീസ് അറസ്റ്റ് ചെയ്ത് രക്തസാമ്പിളുകള്‍ എടുക്കണമായിരുന്നു എന്നാണ് സിയാദ് കോക്കര്‍ പറയുന്നത്. നിര്‍മ്മാതാക്കളുടെ ഭാഗത്ത് നിന്നും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ആരും തന്നെ പരാതി എഴുതി തരാന്‍ തയ്യാറായിട്ടില്ല എന്നും സിയാദ് പറയുന്നു.

ശ്രീനാഥ് ഭാസിക്കെതിരെ പുതിയ തലമുറയിലുള്ള നിര്‍മ്മാതാക്കളില്‍ ആരും തന്നെ റിട്ടണ്‍ പരാതികള്‍ നല്‍കിയിട്ടില്ല. തങ്ങള്‍ക്കൊക്കെ ശരിക്കും നാണക്കേടാണിത്. ഇത്രയും ഗട്‌സ് ഇല്ലാത്തവരാണോ സിനിമയെടുക്കുന്നത് എന്ന് തോന്നി പോവും. പരാതി നല്‍കിയാല്‍ ഇനി പടം നിന്നു പോവുമോ സഹകരിക്കാതിരിക്കുമോ എന്നതൊക്കെ ശരിക്കും പരിശോധിക്കണം.

എഴുതി തന്ന പരാതിയില്ലെങ്കില്‍ ഒന്നും പറയാന്‍ പറ്റില്ല. രണ്ടാമത്തെ കാര്യം, ഇതൊക്കെ ഒരു അബ്‌നോര്‍മാലിറ്റിയാണ്. തന്റെ അഭിപ്രായം പറയുകയാണെങ്കില്‍ ഈ സംഭവം നടന്നയുടനെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് രക്തസാമ്പിളുകള്‍ എടുക്കണം. എന്നാലേ എന്തിന്റെ അടിമയാണെന്ന് കണ്ടെത്താന്‍ പറ്റു.

എന്നാലേ പലരും ഇതില്‍ മര്യാദ പഠിക്കൂ. തീര്‍ച്ചയായിട്ടും അത് പ്രൂവ് ചെയ്യാനുള്ള മെറ്റീരിയല്‍ വേണം. അത് പൊലീസിന്റെ ഭാഗത്ത് നിന്നാണ് ഉണ്ടാവേണ്ടത്. അവന്റെ ബ്ലഡ് ചെക്ക് ചെയ്താല്‍ അറിയാന്‍ പറ്റും. രണ്ട് ദിവസം ഉപയോഗിക്കാതിരുന്നാല്‍, എങ്ങനെയാണ് അതിന്റെ ടെക്‌നിക്ക് എന്ന് അറിയില്ല.

ഇങ്ങനെ പെരുമാറുന്നവര്‍ക്കെതിരെ നടപടിയെടുക്കേണ്ട ഒരു നിയമമുണ്ടാവണം എന്നാണ് സിയാദ് കോക്കര്‍ പറയുന്നത്. ‘ചട്ടമ്പി’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിനിടെയാണ് ശ്രീനാഥ് ഭാസി അവതാരകയോട അപമര്യാദയായി പെരുമാറിയത്. നടന്റെ പേരില്‍ കേസെടുത്തിട്ടുണ്ട്.