എനിക്ക് മനംമടുത്തു, രണ്ടാമൂഴം നടക്കരുതെന്ന് ആഗ്രഹമുള്ള ശക്തികളുടെ തെറ്റായ പ്രചാരണത്തില്‍ എം.ടി വീണുപോയി: വി. എ ശ്രീകുമാര്‍

രണ്ടാമൂഴം എന്ന പ്രൊജക്ട് നടക്കരുതെന്ന് ആഗ്രഹിച്ച കുറേ ശക്തികളുടെ പ്രചാരണത്തില്‍ എംടി വാസുദേവന്‍ നായര്‍ വീണുപോയെന്ന് സംവിധായകന്‍ വി എ ശ്രീകുമാര്‍. എംടിയുടെ ആവശ്യ പ്രകാരം ഫിലിം ചേംബറിന്റെ മദ്ധ്യസ്ഥ ശ്രമത്തില്‍ ശ്രീകുമാര്‍ നടത്തിയ ഗവേഷണങ്ങളുടെയും മുന്നൊരുക്കങ്ങളുടെയും വിശദവിവരങ്ങളും ചെലവാക്കിയ തുകയുടെ കണക്കുകളും ചേംബര്‍ പ്രതിനിധികളുടെ മുമ്പാകെ അവതരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് കൂടിക്കാഴ്ചയ്ക്ക് ഹാജരായ എംടി യുടെ മകള്‍ അശ്വതിയെ ഇതേ കുറിച്ചുള്ള വിവരങ്ങള്‍ ധരിപ്പിക്കുകയും അവര്‍ക്കത് ബോദ്ധ്യപ്പെടുകയും ചെയ്തതാണ്. എന്നാല്‍ പിന്നീട് അവര്‍ നിലപാട് മാറ്റുകയാണുണ്ടായത്. രണ്ടാമൂഴം എന്ന പ്രോജക്ട് നടക്കരുത് എന്ന് ആഗ്രഹമുള്ള കുറേ ശക്തികളുടെ തെറ്റായ പ്രചാരണത്തില്‍ എംടി വീണുപോയതാണ് ഈ പ്രോജക്ട് മുന്നോട്ട് പോകാതിരിക്കാനുള്ള കാരണം. അദ്ദേഹം വ്യക്തമാക്കി.

Read more

കേരള ഫിലിം ചേംബറില്‍ എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസിന്റെ ബാനറില്‍ വി എ ശ്രീകുമാര്‍ സംവിധായകനായി ഈ ചിത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ എംടി, മോഹന്‍ലാല്‍ എന്നിവരുടെ സമ്മതപത്രം കൂടി ഉള്‍പ്പെടുത്തിയാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. എംടി കേസുമായി മുന്നോട്ടു പോയതിന് ശേഷമുണ്ടായ ഒറ്റതിരിഞ്ഞ ആക്രമണത്തിലും സാമൂഹികവും സാമ്പത്തികവുമായി നേരിട്ട ബുദ്ധിമുട്ടുകളിലും തനിക്ക് മനംമടുത്തെന്ന് ശ്രീകുമാര്‍ പത്രകുറിപ്പില്‍ അറിയിച്ചു