ചാന്‍സ് തെണ്ടികളാണ് ടീമേ നമ്മളെല്ലാവരും, ബിനീഷ് ബാസ്റ്റിന്റെ പ്രതിഷേധം കണ്ടു കണ്ണു നിറഞ്ഞു: ശ്രീകുമാര്‍ മേനോന്‍

നടന്‍ ബിനീഷ് ബാസ്റ്റിനെ പിന്തുണച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ബിനീഷ് ബാസ്റ്റിന്റെ പ്രതിഷേധം കണ്ടു കണ്ണു നിറഞ്ഞു എന്നും ജീവിതത്തില്‍ അപമാനിതരാകുക എന്നത് എത്രമാത്രം വേദനാജനകമാണ് എന്ന് അതേറ്റു വാങ്ങുന്നവര്‍ക്കേ അറിയു എന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം…

ചാന്‍സ് തെണ്ടികളാണ് ടീമേ നമ്മളെല്ലാവരും.

ഇപ്പോഴും സംവിധായകരെ കാണുമ്പോള്‍ ഞാന്‍ ചാന്‍സ് ചോദിക്കാറുണ്ടെന്ന് മഹാനടനായ മമ്മൂക്ക പറഞ്ഞ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബിനീഷ് ബാസ്റ്റിനെ പോലെ ചാന്‍സ് ചോദിച്ച അനേകരാണ് പിന്നീട് സൂപ്പര്‍ താരങ്ങളാകുന്നത്.

ബിനീഷ് ബാസ്റ്റിന്റെ പ്രതിഷേധം കണ്ടു കണ്ണു നിറഞ്ഞു. ജീവിതത്തില്‍ അപമാനിതരാകുക എന്നത് എത്രമാത്രം വേദനാജനകമാണ് എന്ന് അതേറ്റുവാങ്ങുന്നവര്‍ക്കേ അറിയു. ബിനീഷ് ബാസ്റ്റിന്റെ കണ്ണീര്‍ പൊള്ളുന്നതാണ്. വാക്കുകളും. അതീ സമൂഹത്തിലേയ്ക്കും വീണ് പടരുന്നു. പടരണം. പൊള്ളുന്ന സത്യമാണ് ആ യുവാവ് വിളിച്ചു പറഞ്ഞത്.

സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ മാപ്പ് പറഞ്ഞതായി എവിടെയോ കണ്ടു. വളരെ നല്ലത്. ഫെഫ്ക വളരെ വേഗം ഇടപെട്ടത് ശ്രദ്ധിച്ചു. പ്രതിഷേധങ്ങളും ബിനീഷിനോടുള്ള ഐക്യദാര്‍ഢ്യങ്ങളും കണ്ടു.

ബിനീഷ് ബാസ്റ്റിന്‍ ആ വേദിയില്‍ എഴുതി കൊണ്ടുവന്ന കുറിപ്പാണിത്, ഈ കുറിപ്പ് കാണാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, നിറയെ അക്ഷരത്തെറ്റുകളാണ് ടീമേ. ബിനീഷിനല്ല, കീഴാളരായും മേലാളരായും മനുഷ്യരെ വിഭജിക്കുന്ന വ്യവസ്ഥയ്ക്കാണ് അക്ഷരം തെറ്റിയത്. ബിനീഷ് താങ്കള്‍ ഈ എഴുതിയത് ഈ സമൂഹം പലയാവര്‍ത്തി വായിക്കട്ടെ.

Read more