വെള്ളം വേണോ ചായ വേണോ എന്ന് ചോദിച്ച് എല്ലാ സ്ത്രീകളും അവരെ പ്രോത്സാഹിപ്പിക്കുകയാണ്, കുറ്റബോധമാണ് തോന്നിയത്: സുഹാസിനി

നിമിഷ സജയനെ അഭിനന്ദിക്കുന്നുവെന്ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയും നടിയുമായ സുഹാസിനി. നിമിഷ സജയനെ മികച്ച നടിയായി തിരഞ്ഞെടുക്കാത്തതിനെ തുടര്‍ന്ന് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് പ്രതിഷേധ സ്വരങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. ഇതിനോടുള്ള മറുപടി എന്ന രീതിയിലാണ് സുഹാസിനിയുടെ പ്രതികരണം.

നിമിഷ സജയന്‍ വളരെ ബോള്‍ഡായ പെണ്‍കുട്ടിയാണ്. മെയ്ക്കപ്പ് ഒന്നും ഇല്ലാതെ അഭിനയിക്കുന്ന വളരെ ബോള്‍ഡായ കുട്ടിയാണ്. അവരെ താന്‍ ശരിക്കും അഭിനന്ദിക്കുന്നു. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമ റിലീസ് സമയത്ത് തന്നെ കണ്ടിരുന്നു. സിനിമ കണ്ടപ്പോള്‍ ഉറങ്ങാന്‍ പറ്റിയില്ല, വല്ലാത്ത കുറ്റബോധം തോന്നി.

സുരാജിനെ പോലെയുള്ള ഭര്‍ത്താക്കന്‍മാരെയും അമ്മായിഅച്ഛനെയും എല്ലാം നമ്മളെ പോലുള്ള സ്ത്രീകള്‍ പ്രോത്സാഹിപ്പിക്കുകയാണ്. ഇപ്പോഴും എല്ലാ സ്ത്രീകളും വെള്ളം വേണോ ചായ വേണോ എന്ന് ചോദിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ആ സിനിമ കണ്ടപ്പോള്‍ സങ്കടമല്ല കുറ്റബോധമാണ് തോന്നിയത്.

വീട്ടിനുള്ളിലെ ഇത്തരം ജനാധിപത്യവിരുദ്ധമായ കാര്യങ്ങളെ നമ്മുടെ അമ്മമാര്‍ മുതലുള്ള എല്ലാ സ്ത്രീകളും പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതും കുടുംബത്തില്‍ നല്ല പെണ്ണാണ് എന്ന പേര് കേള്‍ക്കാന്‍ വേണ്ടി ഭാവി നശിപ്പിക്കുകയാണ് ചെയ്യുന്നത്. അത് ശരിയല്ലെന്ന് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ പറഞ്ഞു തന്നെന്നും സുഹാസിനി ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ അന്തിമഘട്ടം വരെ നിമിഷ സജയന്‍ മികച്ച നടിക്കുള്ള മത്സരത്തില്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, അന്ന ബെന്‍ ആണ് മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയത്. കപ്പേള എന്ന സിനിമയിലെ പ്രകടനത്തിനാണ് അവാര്‍ഡ്.