'കോവിഡ് ആയിട്ട് സ്‌ക്രിപ്റ്റ് വായിക്കാതെ കുറച്ചു ദിവസം വെറുതെ ഇരുന്നു കൂടെ', അന്ന് പൃഥ്വിയോട് പറഞ്ഞതിങ്ങനെ: സുപ്രിയ മേനോന്‍

കോവിഡ് ബാധിതനായിരുന്നപ്പോഴാണ് ‘കുരുതി’ സിനിമയുടെ തിരക്കഥ വായിക്കുന്നത് എന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. കുരുതിയുടെ തിരക്കഥ വായിച്ച് തനിക്ക് വായിക്കാനായി അയച്ചപ്പോള്‍ തന്റെ ആദ്യത്തെ പ്രതികരണത്തെ കുറിച്ചാണ് ‘പൃഥ്വിരാജിന്റെ ഭാര്യയും സിനിമയുടെ നിര്‍മാതാവ് കൂടിയായ സുപ്രിയ മേനോന്‍ ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നത്.

കുരുതി തങ്ങളിലേക്ക് എത്തിയത് ഒരു പ്രത്യേക സമയത്തായിരുന്നു. പൃഥ്വിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഒരേ ഫ്‌ളാറ്റിലെ രണ്ടു ഫ്‌ളോറുകളില്‍ ആയിരുന്നു ഞങ്ങള്‍. തങ്ങള്‍ക്ക് കാണാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ട് നല്ലൊരു സ്‌ക്രിപ്റ്റ് വായിച്ചു എന്ന് പറഞ്ഞ് പൃഥ്വിരാജ് സ്‌ക്രിപ്റ്റ് മെസേജ് ചെയ്യുകയായിരുന്നു.

അപ്പോള്‍ തന്റെ ആദ്യ പ്രതികരണം, കോവിഡ് ആയിട്ട് സ്‌ക്രിപ്റ്റ് വായിക്കാതെ കുറച്ചു ദിവസം വെറുതെ ഇരുന്നു കൂടെ എന്നതായിരുന്നു. അത് ഭാര്യ എന്ന നിലയില്‍ ഉള്ളതായിരുന്നു. പക്ഷേ അപ്പോള്‍ എന്തായാലും ഇത് വായിക്കണം എന്ന് പൃഥ്വി നിര്‍ബന്ധിച്ചു. അങ്ങനെ താന്‍ വായിച്ചു. താനും അമ്പരന്നു.

അതോടെ സിനിമ ഈ കോവിഡ് കാലത്ത് തന്നെ ചെയ്യാന്‍ കഴിയുന്ന ഒന്നാണെന്ന് തിരിച്ചറിഞ്ഞു ചെയ്യുകയായിരുന്നു എന്ന് സുപ്രിയ പറഞ്ഞു. ഓഗസ്റ്റ് 11ന് ആണ് കുരുതി ആമസോണ്‍ പ്രൈമില്‍ റിലീസായത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. റോഷന്‍ മാത്യു, മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, ശ്രിന്ദ, മാമുക്കോയ, മണികണ്ഠന്‍ രാജന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി.