'പറുദീസ' എനിക്ക് ഇഷ്ടപ്പെട്ട ട്രാക്ക് ആയിരുന്നില്ല, അത് അമൽ നീരദ് സെലെക്ട് ചെയ്തത്: സുഷിൻ ശ്യാം

മലയാള സിനിമയിൽ ചുരുങ്ങിയ കാലഘട്ടംകൊണ്ട് മികച്ച ഗാനങ്ങൾ സൃഷ്ടിച്ച യുവ സംഗീത സംവിധായകനാണ് സുഷിൻ ശ്യാം. സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ഗാനങ്ങളിൽ സുഷിന്റെ ഏതെങ്കിലുമൊരു ഗാനം ഉണ്ടാവുമെന്നത് ഉറപ്പായ കാര്യമാണ്. ഗാനങ്ങൾക്ക് പുറമെ മികച്ച പശ്ചാത്തല സംഗീതവും സുഷിൻ മലയാള സിനിമയിൽ സൃഷ്ടിച്ചിട്ടുണ്ട്.

ഇപ്പോഴിതാ സംഗീത സംവിധാന ജീവിതത്തിലെ ചില ഓർമ്മകൾ പങ്കുവെക്കുകയാണ് സുഷിൻ ശ്യാം. ഭീഷ്മപർവത്തിന് വേണ്ടി ചെയ്ത ട്രാക്ക് സംവിധായകൻ അമൽ നീരദിന്  ഇഷ്ടമായില്ലെന്നും സുഷിൻ ശ്യാം പറയുന്നു.

“ഭീഷ്മ പർവ്വത്തിലെ പറുദീസ എന്ന പാട്ടിനായി ഞാൻ രണ്ട് ട്രാക്കുകളാണ് ചെയ്തത്. അതിൽ ആദ്യത്തേതാണ് അമലേട്ടന് ഇഷ്ടമായത്. ഞാൻ സംഗീതത്തിനായി അത്ര ചിന്തിക്കുന്ന ആളല്ല. എന്റെ ഉള്ളീന്ന് വരുന്നതാണ് സംഗീതം. ചിലപ്പോൾ എനിക്ക് മോശമാണെന്ന് തോന്നുന്നതാവും എന്റെ മികച്ച വർക്ക്. പക്ഷേ അത് പുറത്തേക്ക് പൊവാത്തതുകൊണ്ട് ആരും കേൾക്കില്ലല്ലോ. ഞാൻ മോശമെന്ന് വിചാരിക്കുന്ന വർക്ക് സംവിധായകന് ഇഷ്ടമായാൽ എനിക്ക് കുറച്ച് പ്രയാസം തോന്നാറുണ്ട്. കാരണം പിന്നെ ആ കാര്യത്തിൽ ഫൈറ്റ് ചെയ്യേണ്ടി വരും. ചില സമയത്ത് എനിക്ക് വിട്ട് കൊടുക്കേണ്ടി വന്നിട്ടുണ്ട്. കാരണം സിനിമയിൽ സംവിധായകന്റെ തീരുമാനമാണല്ലോ ഏറ്റവും വലുത്.

പറുദീസയ്ക്കായി ഞാൻ രണ്ടാമത് ചെയ്ത വർക്കായിരുന്നു എനിക്ക് കൂടുതൽ ഇഷ്ടമായത്. പക്ഷേ അമലേട്ടന് അത് അത്രയ്ക്ക് ഇഷ്ടമായില്ല. എന്റെ ബെസ്റ്റ് വർക്കായി ഞാൻ കാണുന്നത് കുമ്പളങ്ങി നൈറ്റ്സ് ആണ്. സംസ്ഥാന അവാർഡ് ലഭിച്ചതുകൊണ്ടല്ല. എനിക്ക് വളരെ അടുത്ത് ചേർത്തുവെക്കാൻ കഴിയുന്ന ഒന്നായിരുന്നു അതിലെ സംഗീതം. വളരെ സോഫ്റ്റായ ഒരു വർക്കയിരുന്നു അത്. കൂടുതൽ റഫറൻസ് ഇല്ലാതെ മ്യൂസിക് ചെയ്ത കുമ്പളങ്ങിയിലെ എല്ലാ കഥാപാത്രങ്ങളും എനിക്ക് ഒരുപാട് റിലേറ്റ് ചെയ്യാൻ പറ്റുന്നതിയിരുന്നു.” രേഖ മേനോനുമായുള്ള അഭിമുഖത്തിലാണ് സുഷിൻ ഇങ്ങനെ പറഞ്ഞത്.

മമ്മൂട്ടിയെ നായകനാക്കി റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ‘കണ്ണൂർ സ്ക്വാഡി’ലും സുഷിൻ തന്നെയാണ് സംഗീത സംവിധായകൻ.