സവര്‍ക്കറിന് എതിരെയുള്ള പരാമര്‍ശം; സ്വര ഭാസ്‌കറിന് വധഭീഷണി

ബോളിവുഡ് നടി സ്വര ഭാസ്‌കറിന് വധഭീഷണി. സ്പീഡ് പോസ്റ്റ് വഴിയാണ് വധഭീഷണികത്ത് ലഭിച്ചത്. സംഭവത്തില്‍ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കത്ത് ലഭിച്ചയുടന്‍ സ്വര ഭാസ്‌കര്‍ വെര്‍സോവ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

ഹിന്ദിയിലാണ് കത്തെഴുതിയിരിക്കുന്നത്. സവര്‍ക്കറെ അപമാനിക്കുന്നതിന് ജീവനെടുക്കുമെന്ന ഭീഷണിയുയര്‍ത്തിയുള്ള മുന്നറിയിപ്പാണ് കത്തില്‍ പ്രധാനമായും പറയുന്നത്. ‘ഈസ് ദേശ് കേ നൗജവാന്‍’ (ഈ രാജ്യത്തെ പൗരന്‍) എന്നാണ് കത്തില്‍ അവസാനം ഒപ്പിട്ടത്.

വീര്‍ സവര്‍ക്കറെ അപമാനിക്കുന്നത് രാജ്യത്തെ യുവജനങ്ങള്‍ക്ക് സഹിക്കില്ലെന്ന് കത്തില്‍ പരാമര്‍ശിക്കുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് മാപ്പ് പറഞ്ഞു. ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ അപേക്ഷിച്ചു! അയാള്‍ ധീരനല്ല’ എന്ന് 2017ല്‍ സ്വര ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

Read more

2019 ല്‍, ‘ഏറ്റവും ഭീരുവായ ഒരു ധീരഹൃദയന്റെ സൂത്രധാരനാണ് ‘വീര്‍’ സവര്‍ക്കര്‍ എന്ന് മനസ്സിലാക്കുന്നു എന്നുള്ള പോസ്റ്റും ഏറെ ചര്‍ച്ചയായിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം ഉദയ്പൂര്‍ കൊലപാതകത്തെ അപലപിച്ച് സ്വര ഭാസ്‌കര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു.