'അമ്മ'യുടെ സെക്രട്ടറി ആവണമെന്നത് ഇടവേള ബാബുവിന്റെ ശപഥം ആയിരുന്നു; തുറന്നടിച്ച് ടിനി ടോം

താരസംഘടനയായ ‘അമ്മ’യുടെ സെക്രട്ടറി സ്ഥാനത്ത് വരിക എന്നതായിരുന്നു ഇടവേള ബാബുവിന്റെ ലക്ഷ്യമെന്ന് നടന്‍ ടിനി ടോം. പണ്ട് അമ്മയുടെ മീറ്റിംഗ് നടക്കുമ്പോള്‍ അന്നത്തെ പ്രസിഡന്റ് ഇടവേള ബാബുവിനെ ആ മീറ്റിംഗില്‍ നിന്നും ഇറക്കി വിട്ടിരുന്നു, അന്ന് ഈ കസേരയില്‍ എത്തണമെന്ന് താരം ശപഥം ചെയ്തിരുന്നു എന്നാണ് ടിനി ടോം പറയുന്നത്.

ഓരോരുത്തര്‍ക്ക് ഓരോ ലക്ഷ്യമാണ്. ചിലര്‍ക്ക് സിനിമയില്‍ വരണം എന്നാണ് ആഗ്രഹം. ബാബു ചേട്ടന്‍ തന്നോട് പറഞ്ഞിട്ടുണ്ട് അമ്മയുടെ സെക്രട്ടറി സ്ഥാനത്ത് വരണമെന്നത് അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നുവെന്ന്. പണ്ട് അമ്മയുടെ ഒരു മീറ്റിംഗ് നടക്കുമ്പോള്‍ അന്നത്തെ പ്രസിഡന്റ് ഇറക്കിവിട്ടിട്ടുണ്ടെന്ന് ഇടവേള ബാബു പറഞ്ഞിട്ടുണ്ട്.

അന്ന് അദ്ദേഹം എടുത്ത ശപഥമാണ് അദ്ദേഹം ഇരിക്കുന്ന സീറ്റില്‍ പുള്ളി കയറി ഇരിക്കുമെന്ന്. ആ ലക്ഷ്യം അദ്ദേഹം നേടിയെടുത്തു എന്നാണ് ടിനി ടോം പറയുന്നത്. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തോട് അനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് ടിനി ടോം സംസാരിച്ചത്.

ഗണേഷ് കുമാറും ഈ വിഷയത്തില്‍ സംസാരിച്ചു. ”അമ്മയില്‍ നിന്നും ഒരു സെക്രട്ടറി രാജിവെക്കുന്ന സമയത്ത് ഞാന്‍ ഒരു സെക്കന്റില്‍ അവിടെ ഒരു രാഷ്ട്രീയം കളിച്ചു. ഒറ്റ പിടിവാശിയില്‍, ആ ബുക്കെല്ലാം വാങ്ങിച്ച് കൈയില്‍ കൊടുത്തു. അങ്ങനെയാണ് ഇടവേള ബാബുവിനെ അമ്മയുടെ സെക്രട്ടറിയാക്കുന്നത്” എന്നാണ് ഗണേഷ് പറഞ്ഞത്.

Read more

ഇതിനോട് ഇടവേള ബാബു പ്രതികരിക്കുന്നുമുണ്ട്. ”എന്നെ ആദ്യമായിട്ട് ആ സ്ഥാനത്തിരുത്തുന്നത് ഗണേഷ് തന്നെയാണെന്നും അതിന് ഒരു സംശയവുമില്ല” എന്നായിരുന്നു ഇടവേള ബാബുവിന്റെ മറുപടി.