ഇത് കേരളത്തില്‍ നടന്നുവെന്ന വസ്തുത ഞാന്‍ നിഷേധിക്കില്ല, പക്ഷെ തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് മോശമാണ്: 'കേരള സ്‌റ്റോറി'ക്ക് എതിരെ ടൊവിനോ

‘ദ കേരള സ്‌റ്റോറി’ സിനിമയെ കുറിച്ച് പ്രതികരിച്ച് നടന്‍ ടൊവിനോ തോമസ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ മാത്രമേ താന്‍ കണ്ടിട്ടുള്ളു. ട്രെയ്‌ലറിലെ വിവരണത്തില്‍ ‘32,000 സ്ത്രീകള്‍’ എന്ന് പറയുന്നത് പിന്നീട് നിര്‍മ്മാതാക്കള്‍ മൂന്ന് ആക്കിമാറ്റിയത് എന്താണ് അര്‍ത്ഥമാകുന്നത് എന്നാണ് ടൊവിനോ ചോദിക്കുന്നത്.

2018 ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മുംബൈയില്‍ എത്തിയപ്പോഴാണ് ടൊവിനോ പ്രതികരിച്ചത്. ”കേരള സ്റ്റോറിയുടെ ട്രെയ്‌ലര്‍ മാത്രമാണ് ഞാന്‍ കണ്ടത്. സിനിമ ഇതുവരെ കണ്ടിട്ടില്ല. കൂടാതെ കണ്ടവരോട് സംസാരിച്ചിട്ടുമില്ല. ട്രെയ്‌ലറിലെ വിവരണത്തില്‍ ‘32,000 സ്ത്രീകള്‍’ എന്നായിരുന്നു, എന്നിട്ട് നിര്‍മാതാക്കള്‍ തന്നെ അത് 3 ആക്കിമാറ്റി.”

”എന്താണ് അര്‍ഥമാക്കുന്നത്? എനിക്കറിയാവുന്നിടത്തോളം കേരളത്തില്‍ 35 ദശലക്ഷം ആളുകളുണ്ട്. ഈ മൂന്ന് സംഭവങ്ങള്‍ കൊണ്ട് ആര്‍ക്കും അതിനെ സാമാന്യവല്‍ക്കരിക്കാന്‍ കഴിയില്ല. ഇത് കേരളത്തില്‍ നടന്നുവെന്ന വസ്തുത ഞാന്‍ നിഷേധിക്കില്ല. ഇത് സംഭവിച്ചിരിക്കാം. എനിക്ക് വ്യക്തിപരമായി ഇത് അറിയില്ല.”

”പക്ഷേ ഞാന്‍ ഇത് വാര്‍ത്തകളില്‍ വായിച്ചിട്ടുണ്ട്. ഇന്ന് നമ്മള്‍ കാണുന്നതെല്ലാം വസ്തുതകളല്ല. കേവലം അഭിപ്രായങ്ങള്‍ മാത്രമാണ്. അഞ്ച് വ്യത്യസ്ത ചാനലുകളില്‍ ഒരേ വാര്‍ത്ത അഞ്ച് വ്യത്യസ്തമായ രീതിയില്‍ കൊടുക്കുന്നത് നമ്മള്‍ കാണുന്നു. അതിനാല്‍ ശരിയും തെറ്റും എനിക്കറിയാം.”

”35 ദശലക്ഷത്തില്‍ മൂന്ന് സാമാന്യവല്‍ക്കരിക്കാന്‍ കഴിയില്ല, തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് വളരെ മോശമാണ്” എന്നാണ് ടൊവിനോ പറഞ്ഞത്. അതേസമയം, വിവാദങ്ങള്‍ ഉയരുന്നതിനിടെയും ഗംഭീര കുതിപ്പാണ് കേരള സ്റ്റോറിയുടെ കളക്ഷനില്‍ കാണാനാവുന്നത്. ദിവസങ്ങള്‍ കൊണ്ട് ചിത്രം 50 കോടി കളക്ഷന്‍ നേടിക്കഴിഞ്ഞു.