2023-24 വർഷത്തിൽ ബിജെപിക്കും കോൺഗ്രസിനും സംഭാവനയായി ലഭിച്ചത് കോടികൾ; കണക്കുകൾ പുറത്തുവിട്ട് ഇലക്ഷൻ കമ്മീഷൻ

2023-24 വർഷത്തിൽ ബിജെപിക്കും കോൺഗ്രസിനും സംഭാവനയായി ലഭിച്ചത് കോടികളെന്ന് റിപ്പോർട്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലാണ് ഈ കണക്കുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. 2023-24 സാമ്പത്തിക വർഷത്തിൽ ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2,244 കോടി രൂപയെന്നാണ് റിപ്പോർട്ട്. അതേസമയം ഇക്കാലയളവിൽ കോൺഗ്രസിന് 288.9 കോടി രൂപയും ലഭിച്ചെന്നും കണക്കുകൾ പറയുന്നു.

വ്യക്തികളിൽ നിന്നും ട്രസ്റ്റുകളിൽ നിന്നും കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നുമായാണ് 2023-24 സാമ്പത്തിക വർഷത്തിൽ ബിജെപിക്ക് സംഭാവനയായി 2,244 കോടി രൂപ ലഭിച്ചത്. 20,000 രൂപയും അതിന് മുകളിലുമായാണ് സംഭാവന ലഭിച്ചത്. 2022-23 ലെ സംഭാവനയുടെ മൂന്നിരട്ടിയിലധികമാണ് ഈയിനത്തിൽ കഴിഞ്ഞ വർഷം ബിജെപിക്ക് ലഭിച്ചത്. പ്രൂഡൻ്റ് ഇലക്ടറൽ ട്രസ്റ്റിൽ നിന്ന് 723.6 കോടി രൂപയുടെ സംഭാവനകൾ ബിജെപിക്ക് ലഭിച്ചു.

അതേസമയം, കോൺഗ്രസിന് 2023-24ൽ 288.9 കോടി രൂപലഭിച്ചപ്പോൾ മുൻ വർഷം ഇത് 79.9 കോടി രൂപയായിരുന്നു. പ്രൂഡൻ്റ് ഇലക്ടറൽ ട്രസ്റ്റിൽ നിന്ന് കോൺഗ്രസിന് 156.4 കോടി രൂപ സംഭാവന നൽകി. 2023-24ൽ ബിജെപിയുടെ മൂന്നിലൊന്ന് സംഭാവനകളും കോൺഗ്രസിൻ്റെ പകുതിയിലധികം സംഭാവനകളും പ്രൂഡൻ്റ് ഇലക്ടറൽ ട്രസ്റ്റിൽ നിന്നാണ്. 2022-23-ൽ പ്രൂഡൻ്റിനുള്ള ഏറ്റവും മികച്ച സംഭാവന നൽകിയവരിൽ മേഘ എഞ്ചിൻ & ഇൻഫ്രാ ലിമിറ്റഡ്, സെറം ഇൻസ്റ്റിറ്റ്യൂട്ട്, ആർസെലർ മിത്തൽ ഗ്രൂപ്പ്, ഭാരതി എയർടെൽ എന്നിവരാണ് മുന്നിൽ.