ആ സിനിമ പാളിപ്പോയി, ഞാന്‍ അത് എഴുതാന്‍ പാടില്ലായിരുന്നു.. ഒട്ടും തൃപ്തനല്ല: ഉണ്ണി ആര്‍

തന്റെ ചെറുകഥ ‘ലീല’ സിനിമയാക്കിയതില്‍ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ഉണ്ണി ആര്‍. മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ രണ്ടാം ദിനത്തില്‍ നടന്ന ‘കഥകള്‍കൊണ്ട് മാത്രം’ എന്ന സെഷനില്‍ സംസാരിക്കവെയാണ് ഉണ്ണി ഇക്കാര്യം പറഞ്ഞത്. കഥകള്‍ സിനിമയാക്കുമ്പോള്‍ ആത്മാവ് ചോര്‍ന്നു പോകുമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തോടാണ് ഉണ്ണി പ്രതികരിച്ചത്.

രഞ്ജിത്ത് നിര്‍മ്മിച്ചു സംവിധാനം ചെയ്ത് 2016ല്‍ റിലീസ് ചെയ്ത സിനിമയാണ് ലീല. ബിജു മേനോന്‍ ആണ് ചിത്രത്തില്‍ നായകനായത്. വിജയരാഘവന്‍, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, കരമന സുധീര്‍, പാര്‍വതി നമ്പ്യാര്‍, ജഗദീഷ്, പ്രിയങ്ക എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിച്ചു.

”ലീല കഥ തന്നെയായിരുന്നു നല്ലത്. പാളിപ്പോയതാണ്. അത് ഞാന്‍ എഴുതാന്‍ പാടില്ലായിരുന്നു. സിനിമയെന്ന നിലയ്ക്ക് ലീലയില്‍ ഞാന്‍ ഒട്ടും തൃപ്തനല്ല. ആ കഥ തൊടാതിരിക്കുന്നത് ആയിരുന്നു നല്ലതെന്ന് എനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്.”

”സ്വന്തം കഥകള്‍ സിനിമ ആക്കാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. പലരും കഥകള്‍ സിനിമയാക്കാന്‍ ചോദിക്കാറുണ്ട്. ആത്മാവ് ചോര്‍ന്നുമെന്ന് തോന്നാറുണ്ട്” ഉണ്ണി ആര്‍ പറഞ്ഞു.

തന്റെ കഥകളില്‍ സിനിമയായി വന്നത് ‘പ്രതി പൂവന്‍ കോഴി’, ‘ഒഴിവുദിവസത്തെ കളി’, ‘ലീല’ തുടങ്ങിയവായാണെന്നും ബാക്കിയുള്ള ‘ബിഗ്ബി’യും ‘ചാര്‍ലി’യുമെല്ലാം സിനിമകളായി എഴുതിയതാണെന്നും ഉണ്ണി ആര്‍ പറഞ്ഞു.

”സ്വന്തം കഥകള്‍ സിനിമയാക്കാതിരിക്കുന്നതാണ് നല്ലതെന്ന് പിന്നീട് തിരിച്ചറിവുണ്ടായിട്ടുണ്ട്. കഥകള്‍ സിനിമയാക്കുമ്പോള്‍ ആത്മാവ് ചോര്‍ന്നു പോകുമെന്നും തോന്നിയിട്ടുണ്ട്” ഉണ്ണി ആര്‍ വ്യക്തമാക്കി.