നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മലയാളത്തിൽ മികച്ച ചെറുകഥകളും നോവലുകളും തിരക്കഥകളും എഴുതിയിട്ടുള്ള എഴുത്തകാരനാണ് ഉണ്ണി. ആർ
ബിഗ് ബി, കേരള കഫെ( ബ്രിഡ്ജ്), മുന്നറിയിപ്പ്, കുള്ളന്റെ ഭാര്യ, ചാർലി, ബാച്ചിലർ പാർട്ടി, ഒഴിവു ദിവസത്തെ കളി, ലീല, പരാതി പൂവൻ കോഴി, നാരദൻ തുടങ്ങീ നിരവധി സിനിമകൾക്കാണ് ഉണ്ണി ആർ പേന ചലിപ്പിച്ചിട്ടുള്ളത്.

ഉണ്ണി ആറിന്റെയും ദുൽഖർ സൽമാന്റെയും ചലച്ചിത്ര ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട ചിത്രമാണ് മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത് 2025-ൽ പുറത്തിറങ്ങിയ ‘ചാർലി’ എന്ന ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ കഥ രൂപപ്പെട്ടത് എങ്ങനെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് ഉണ്ണി. ആർ. കഥയെഴുതി നൽകാമെന്ന് പറഞ്ഞ്
താൻ അഡ്വാൻസ് വാങ്ങിയ വ്യക്തി തന്നെ വിളിച്ച് കഥയെന്തായി എന്ന് അന്വേഷിച്ചപ്പോൾ അപ്പൊ ഇരുന്ന് പറഞ്ഞ കഥയാണ് പിന്നീട് ചാർലി എന്ന സിനിമയായത് എന്നാണ് ഉണ്ണി. ആർ പറയുന്നത്.

“ജോലി രാജിവെച്ച സമയത്ത് ഗൗതം മോനോന് വേണ്ടി ഒരു കഥയെഴുതാൻ മദ്രാസിൽ പോയിരുന്നു. അത് നടന്നില്ല. അവിടെയിരിക്കുമ്പോഴാണ് ഞാൻ നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുന്നത്. എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഞാൻ കഥയായിട്ടുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ അത് പറയൂ എന്നായി അദ്ദേഹം. ഞാൻ സ്ഥലത്തില്ല, മദ്രാസിലാണ് നേരിട്ട് പറയാമെന്ന് അദ്ദേഹത്തോട് പറഞ്ഞു.

ഉടൻ അദ്ദേഹം മദ്രാസിലെവിടാണെന്നും അദ്ദേഹം ഇവിടെ അടുത്തുണ്ടെന്നും പറഞ്ഞു. എന്ത് ചെയ്യണമെന്നറിയാതെ ഈ സമയത്ത് ഞാൻ വെറുതെയുണ്ടാക്കിയ കഥയാണ് ചാർലി. രക്ഷപ്പെടാൻ വേണ്ടിയുണ്ടാക്കിയ കഥയായിരുന്നു അത്. പക്ഷെ അദ്ദേഹവുമായി അത് നടന്നില്ല. പിന്നീട് ഞാൻ ഈ കഥ ദുൽഖറിനെ വിളിച്ച് പറഞ്ഞു. ഇത് വളരെ ഹെവിയാണല്ലോ, കൊള്ളാമെന്നും ദുൽഖർ മറുപടി തന്നു.

പിന്നീട് മുന്നറിയിപ്പിൻ്റെ സമയത്ത് മമ്മൂക്കയാണ് എന്റെ അടുത്ത് താൻ ദുൽഖറിനോട് ഒരു സിനിമയുടെ കഥ പറഞ്ഞില്ലായിരുന്നോ അതെന്തായി എന്ന് ചോദിച്ചത്. ഒന്നുമായില്ലെന്ന് ഞാൻ പറഞ്ഞു. നിങ്ങളുടെ കൂട്ടുകാരോട് ആരോടെങ്കിലും പറ, അവർ ചെയ്യില്ലേ എന്ന് ചോദിച്ചു.

അങ്ങനെ അത് അമലിനോടോ അൻവറിനോടോ പറയാമെന്ന് കരുതി. അവിടെ അപ്പോൾ അപർണ ഇരിക്കുന്നുണ്ടായിരുന്നു. അപർണ ഫോൺ ചെയത്കൊണ്ടിരിക്കുമ്പോൾ മാർട്ടിന്റെ അടുത്ത് ഇക്കാര്യം പറഞ്ഞു. അവർ ഈ സമയത്ത് ദുൽഖറുമായി ഒരു പടം ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് ചാർലി ചെയ്യുന്നത്.” എന്നാണ് ട്രൂ കോപ്പിക്ക് നൽകിയ അഭിമുഖത്തിൽ ഉണ്ണി. ആർ പറഞ്ഞത്.