2017 ൽ പൃഥ്വിരാജിനെ നായകനാക്കി പ്രഖ്യാപിച്ച ‘വേലുത്തമ്പി ദളവ’ എന്ന സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് സംവിധായകൻ വിജി തമ്പി. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായെന്നാണ് വിജി തമ്പി പറയുന്നത്. ദിലീപിനെ നായകനാക്കി പുറത്തിറങ്ങിയ ‘നാടോടിമന്നൻ’ ആയിരുന്നു വിജി തമ്പിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.
കൂടാതെ പാൻ ഇന്ത്യൻ സിനിമയായിട്ടാണ് വേലുത്തമ്പി ദളവ ലക്ഷ്യമിടുന്നത് എന്നും ഏകദേശം പത്ത് വർഷത്തിൽ കൂടുതലായി ഈ സിനിമ ആലോചിക്കാൻ തുടങ്ങിയിട്ട് എന്നുമാണ് വിജി തമ്പി പറയുന്നത്. വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന നേതാവ് കൂടിയാണ് വിജി തമ്പി.
“പൃഥ്വിരാജിന്റെ എമ്പുരാൻ എന്ന സിനിമയ്ക്ക് ശേഷം ചിത്രീകരണം ആരംഭിക്കാമെന്ന തീരുമാനത്തിൽ ആണ് ഇപ്പോൾ. സ്ക്രിപ്റ്റിംഗ് ഒക്കെ കഴിഞ്ഞു. ഇതിന്റെ ഇംഗ്ലീഷ് പതിപ്പും ഉണ്ടാകും. ഒറിജിനൽ ബ്രിട്ടീഷ് ആർട്ടിസ്റ്റുകളും സിനിമയിൽ ഉണ്ടാകും. നിർമാതാക്കളുടെ കാര്യത്തിൽ ഫൈനൽ ആകാനുണ്ട്. രൺജി പണിക്കർ ആണ് തിരക്കഥ ഒരുക്കിയത്. അഞ്ച് വർഷം എടുത്താണ് സ്ക്രിപ്റ്റ് എഴുതിയത്. സിനിമയുടെ ഭൂരിഭാഗം കാര്യങ്ങളും കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിലേക്ക് ഒരു 70-80 ദിവസം പൃഥ്വിരാജിനെ ആവശ്യമാണ്. മൂന്ന് ഗെറ്റപ്പാണ്.
Read more
പൃഥ്വിരാജ് എപ്പോഴാണോ ഫ്രീ ആയെത്തുന്നത് അപ്പോൾ തന്നെ സിനിമ തുടങ്ങും. ചിത്രത്തിൽ അഭിനയിക്കാൻ രാജു എപ്പോഴേ റെഡിയായി നിൽക്കുകയാണ്. യഥാർത്ഥത്തിൽ ആടുജീവിതം ചെയ്യാൻ പോയപ്പോഴാണ് കാര്യങ്ങളിൽ മാറ്റം വന്നത്. എന്തായാലും 2025ൽ സിനിമ നടക്കും. ബിഗ് ബജറ്റ് സിനിമയാണത്. വളരെ മാനങ്ങൾ ഉള്ളൊരു കഥാപാത്രം ആണ് ദളവ. ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയക്കാരനാണ് അദ്ദേഹം” കാൻ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിജി തമ്പി പുതിയസിനിമയെ കുറിച്ച് സംസാരിച്ചത്.