മോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ഹൊറര്‍ ചിത്രങ്ങളിലൊന്നായ ആകാശഗംഗയുടെ രണ്ടാം ഭാഗവുമായി എത്തുകയാണ് സംവിധായകന് വിനയന്. ഈ അവസരത്തില്‍ തന്നെ നിരുത്സാഹപ്പെടുത്താനും നോവിക്കാനും ചിലര്‍ ശ്രമിക്കുന്നെന്ന് പറയുകയാണ് വിനയന്. യക്ഷിയും ഞാനും പോലെ ചിത്രം ആവരുതെന്ന് പറഞ്ഞ് ചിലര്‍ കമന്റ് ചെയ്തെന്നും അവരോടായി തനിക്ക് ചിലത് പറയാനുണ്ടെന്നും യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ വിനയന് പറഞ്ഞു.
“ഞാന്‍ മലയാള സിനിമയില്‍ വന്നിട്ട് 29 വര്‍ഷമായി. ഒത്തിരി നല്ല സിനിമകള്‍ നിങ്ങള്‍ക്ക് തന്നിട്ടുണ്ട്. അതോടൊപ്പം മോശം സിനിമകളും എന്റെ ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരാളെ കൈയും കാലു കെട്ടിയിട്ടിട്ട്, ചെങ്ങലയ്ക്ക് ഇട്ടിട്ട് അയാളോട് നടക്കാന്‍ പറയുക. എന്നിട്ട് അത് കണ്ടിട്ട് നടപ്പ് ശരിയായില്ല, കൈവീശല്‍ ശരിയായില്ല എന്നൊക്ക പറയുന്നതുപോലെയാണ് 2008 നും 2018 നും ഇടയില്‍ ഇറങ്ങിയ ചില സിനിമകളെ എടുത്തിട്ട് എന്റെ ചിത്രങ്ങളെ കംമ്പയര്‍ ചെയ്യുന്നത്. അത് എന്നോട് ഇപ്പോഴും ദേഷ്യമുള്ള ചില സുഹൃത്തുക്കളുണ്ട് എന്നതിന് തെളിവാണ്.”
“കാരണം, ഒരു ടെക്നീഷ്യനും ഇല്ലാതെ ഒരു സീനെടുക്കുന്നതിന് മൂന്ന് ക്യാമറാന്മാരെ പുതിയ പിള്ളേരെ പോലും തരാതെ ഒരു എക്യുപ്മെന്റും ഇല്ലാതെ അവസാനം കൈയില്‍ കിട്ടിയ ക്യാമറയ്ക്ക് ഷൂട്ട് ചെയ്യേണ്ടി വരിക അത്തരമൊരു ചുറ്റുപാടില്‍ നിന്ന് ഞാന്‍ ഒരു ചിത്രം ചെയ്തു. അതിനു പെര്‍ഫക്ഷനില്ല, കളറിംഗിന് പ്രശ്നമുണ്ട് ക്യാമറയ്ക്ക് പ്രശ്നമുണ്ട് എന്നൊക്കെ വിമര്‍ശിക്കാം. പക്ഷേ ഞാന്‍ ആ ചിത്രം എടുത്ത സാഹചര്യം കൂടെ ഇക്കൂട്ടര്‍ ചിന്തിക്കണം. വിമര്‍ശിച്ചവരില്‍ ചില സംവിധായകരെയും ഞാന്‍ കണ്ടായിരുന്നു. അവരോട് ഞാന്‍ ചോദിക്കുകയാണ്. ഞാന്‍ അഭിമുഖീരിച്ച ആ സാഹചര്യത്തില്‍ നിന്ന് കൊണ്ട് യക്ഷിയെ പോയിട്ട് ഒരു ഈനാംപേച്ചിയെ എടുക്കാന്‍ നിങ്ങള്‍ക്കാകുമോ. പറ്റില്ല. ഒന്നോ രണ്ടോ നടന്മാരുടെ വൈരാഗ്യ ബുദ്ധിയാണ് എല്ലാവരെയും എനിക്ക് എതിരാക്കിയത്.” വീഡിയോയില്‍ വിനയന് പറഞ്ഞു.
ആകാശഗംഗ 2 വില്‍ പുതുമുഖം ആരതിയാണ് നായിക. രമ്യാ കൃഷ്ണന്, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്, ധര്മ്മജന് ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്, പ്രവീണ, തെസ്നി ഖാന്, വത്സലാ മേനോന്, ശരണ്യ തുടങ്ങിയവരാണ് സിനിമയിലെ മറ്റു താരങ്ങള്‍.
Read more
ആകാശ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് കുട്ടി നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. ചിത്രം നവംബര്‍ ഒന്നിന് തിയേറ്ററുകളിലെത്തും.