ഇനി എനിക്ക് സിനിമ കിട്ടിയില്ലെന്ന് വരാം, പക്ഷെ ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ല: വിന്‍സി അലോഷ്യസ്

ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് നടി വിന്‍സി അലോഷ്യസ്. ഈ ഒരു തീരുമാനത്തിന്റെ പേരില്‍ തനിക്കിനി സിനിമയൊന്നും കിട്ടിയില്ലെന്ന് വരുമെന്നും നടി പറഞ്ഞു. കെസിവൈഎം എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രവര്‍ത്തന വര്‍ഷം ഉദ്ഘാടനം ചെയ്താണ് വിന്‍സി സംസാരിച്ചത്.

”കെസിവൈഎം അങ്കമാലി മേജര്‍ അതിരൂപതയുടെ പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനത്തിന് വേണ്ടിയാണ് ഞാന്‍ ഇന്ന് ഇവിടെ എത്തിയത്. ലഹരി വിരുദ്ധ ക്യാമ്പയിന്‍ കൂടിയാണ് അതിന്റെ മെയിന്‍ ഉദ്ദേശം. ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ ഒരു കാര്യം പറയാന്‍ പോകുകയാണ്. ചിലപ്പോള്‍ ഈയൊരു തീരുമാനം എടുക്കുന്നതിന്റെ പേരില്‍ മുന്നോട്ടു പോകുമ്പോള്‍ എനിക്ക് സിനിമയൊന്നും കിട്ടിയില്ലെന്ന് വരും.”

”എങ്കിലും ഞാന്‍ പറയുകയാണ്. ലഹരി ഉപയോഗിക്കുന്ന, അതായത് എന്റെ അറിവില്‍ ലഹരി ഉപയോഗിക്കുന്നവരുമായി ഇനി ഞാന്‍ സിനിമ ചെയ്യില്ല” എന്നാണ് വിന്‍സി പറയുന്നത്. അതേസമയം, സിനിമയിലെ ലഹരി ഉപയോഗം എന്നും ചര്‍ച്ചകളില്‍ നിറയാറുണ്ട്. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ അറസ്റ്റിലായ യുവതി നടന്മാരുടെ പേരുകള്‍ വെളിപ്പെടുത്തിയിരുന്നു.

യുവതിയുടെ മൊഴിയെ തുടര്‍ന്ന് നടന്‍ ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു. കഴിഞ്ഞ മാസം മേക്കപ്പ്മാന്‍ രഞ്ജിത്ത് ഗോപിനാഥ് അറസ്റ്റിലായിരുന്നു. ആവേശം, പൈങ്കിളി, സൂക്ഷ്മദര്‍ശിനി, രോമാഞ്ചം തുടങ്ങിയ ചിത്രങ്ങളുടെ മേക്കപ്പ്മാന്‍ ആണ് രഞ്ജിത്ത്. 45 ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്നും പിടികൂടിയത്.