മലയാളത്തിൽ നെപ്പോ കിഡ്സിന് അവസരം കിട്ടാൻ കാരണം അവർ കഠിനമായി പരിശ്രമിക്കുന്നത് കൊണ്ട്: വിനീത് ശ്രീനിവാസൻ

‘ഹൃദയ’ത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘വർഷങ്ങൾക്കു ശേഷം’. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രണവിനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്.

റിലീസ് ചെയ്ത് ആദ്യ ദിനം തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എഴുപതുകളിൽ സിനിമാമോഹവുമായി ചെന്നൈയിലെത്തുന്ന യുവാക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഹൃദയത്തിന് ശേഷം വിനീത്- പ്രണവ്- കല്ല്യാണി കോമ്പോ ഒന്നിക്കുന്നതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രേക്ഷകർ നോക്കികാണുന്നത്. കൂടാതെ 2013- ൽ പുറത്തിറങ്ങിയ ഏറെ നിരൂപക പ്രശംസകൾ നേടിയ ‘തിര’ എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസനും വിനീതും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വർഷങ്ങൾക്കു ശേഷം.

ചിത്രത്തിന്റെ ഭാഗമായി നെപ്പോട്ടിസത്തെ കുറിച്ചുള്ള ചർച്ചകൾ നിരവധി വന്നിരുന്നു. നെപ്പോട്ടിസത്തെ പറ്റി സിനിമയിൽ സെൽഫ് ട്രോളുകളായും വിനീത് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതിന്റെ പേരിൽ ബോളിവുഡ് ഇൻഡസ്ട്രി മാത്രം എന്തുകൊണ്ട് വിമർശിക്കപ്പെടുന്നുവെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് വിനീത് ശ്രീനിവാസൻ. മലയാളത്തിൽ നെപ്പോ കിഡ്സിന് അവസരം കിട്ടാൻ കാരണം അവർ കഠിനമായി പരിശ്രമിക്കുന്നതുകൊണ്ടാണെന്നാണ് വിനീത് പറയുന്നത്.

“എന്തുകൊണ്ട് ബോളിവുഡ് മാത്രം നെപ്പോട്ടിസത്തിൻ്റെ പേരിൽ വിമർശനം നേരിടുന്നു എന്ന് എനിക്കറിയില്ല. മലയാളത്തിലും കുറേ സ്റ്റാർകിഡ്സ് ഉണ്ട്. പൃഥ്വി, ദുൽഖർ, പ്രണവ്, ഫഹദ്, എന്തിന്…ഈ ഞാൻ പോലും നെപ്പോകിഡ് ആണ്. പക്ഷേ ഇവർക്കെല്ലാം അവസരം കിട്ടാൻ കാരണം അവർ കഠിനമായി പരിശ്രമിക്കുന്നതുകൊണ്ടാണ്. നല്ല സിനിമകൾ ചെയ്‌താൽ അവർക്ക് വീണ്ടും പ്രൊജക്ട്സ് കിട്ടും.”എന്നാണ് ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ വിനീത് പറയുന്നത്.

നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ. ജീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിന് വേണ്ടി ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് സംഗീത സംവിധാനമൊരുക്കുന്നത്.