ചെഗുവേരയെ കുറിച്ച് വാചാലരായ, നീതി സ്വപ്‌നം കണ്ട ആ യുവാക്കള്‍ കേരളം വിട്ടു പോയോ?; രേവതിയുടെ കുറിപ്പ്

എണ്‍പതുകളില്‍ വിപ്ലവ ചിന്തകള്‍ മനസിലേറ്റി നീതിയ്ക്കു വേണ്ടി നിലകൊണ്ട ആദര്‍ശ യുവാക്കളുടെ തലമുറ ഇപ്പോള്‍ എവിടെയാണെന്ന് നടി രേവതി. താരം പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

”ഓരോ അനീതിയിലും നിങ്ങള്‍ രോഷം കൊണ്ട് വിറക്കുകയാണെങ്കില്‍, നിങ്ങള്‍ ഒരു സഖാവാണ്” എന്ന ചെഗുവേരയുടെ വാക്കുകളും ചേര്‍ത്താണ് രേവതിയുടെ കുറിപ്പ്.  കുറിപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

രേവതിയുടെ കുറിപ്പ്:

ചെഗുവേരയെ കുറിച്ച് ഞാന്‍ ആദ്യം കേള്‍ക്കുന്നത് എന്റെ ഇരുപതുകളുടെ തുടക്കത്തിലാാണ്, അന്ന് ഞാന്‍ മലയാളം സിനിമകള്‍ ചെയ്യുകയാണ്. എന്റെ മലയാളികളായ സഹപ്രവര്‍ത്തകരും കേരളത്തിലെ യുവാക്കളുമൊക്കെ, എണ്‍പതുകളുടെ തുടക്കത്തില്‍ ചെഗുവേരയുടെ ആശയങ്ങളെയും വാക്കുകളെയും കുറിച്ച് വാചാലരായിരുന്നു.

അദ്ദേഹത്തിന്റെ മുഖം നിറഞ്ഞ ഷര്‍ട്ടും ബാഗും തൊപ്പിയുമൊക്കെ അണിഞ്ഞു നടക്കുകയും ചെയ്തപ്പോള്‍ എനിക്ക് ലജ്ജ തോന്നി. ഞാന്‍ ഇതുവരെ ചെഗുവേരയെ വായിച്ചിട്ടില്ലല്ലോ എന്നോര്‍ത്ത്.

വിപ്ലവ ചിന്തകള്‍ നിറഞ്ഞ ആ ആദര്‍ശ യുവാക്കളുടെ തലമുറ ഇപ്പോള്‍ അധികാരസ്ഥാനങ്ങളുടെ ഇരിപ്പിടങ്ങളില്‍ ഇരിക്കുന്ന അനുഭവസമ്പന്നരായ മധ്യവയസ്‌കരാണ്, എല്ലാ മേഖലകളിലും തീരുമാനങ്ങള്‍ എടുക്കുന്ന പൗരന്മാര്‍, അതും അതേ കേരളത്തില്‍…

പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ സമൂഹം 30- 35 വര്‍ഷം മുമ്പ് അവര്‍ സംസാരിച്ച ആദര്‍ശങ്ങള്‍ പ്രതിഫലിപ്പിക്കുന്നില്ല. അവരൊക്കെ എവിടെയാണ്? കേരളം വിട്ടു പോയോ? അത്ഭുതം തോന്നുന്നു.

revathy fb post