2023 ല്‍ ലോകത്തെ സ്വാധീനിച്ച നൂറ് പേര്‍: 'ടൈം' പട്ടികയില്‍ ഇടം നേടി ഷാരൂഖ് ഖാനും രാജമൗലിയും

2023-ല്‍ ലോകത്തെ സ്വാധീനിച്ച 100 പേരുടെ പട്ടിക പുറത്തുവിട്ട് ടൈം മാഗസിന്‍. ബോളിവുഡ് താരം ഷാരൂഖ് ഖാനും സംവിധായകന്‍ എസ്.എസ് രാജമൗലിയും പട്ടികയിലിടം നേടിയിട്ടുണ്ട്. എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി, ടെലിവിഷന്‍ അവതാരക പത്മ ലക്ഷ്മി എന്നിവരും പട്ടികയിലുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ബ്രിട്ടന്റെ രാജാവ് ചാള്‍സ്, സിറിയന്‍ വംശജരായ നീന്തല്‍ താരങ്ങളും ആക്ടിവിസ്റ്റുകളായ സാറ മര്‍ഡിനി, യുസ്ര മര്‍ഡിനി, ട്വിറ്റര്‍ സി.ഇ.ഒ ഇലോണ്‍ മസ്‌ക്, ഗായിക ബിയോണ്‍സ്, ഫുട്‌ബോള്‍ താരം ലയണല്‍ മെസി എന്നിവരും പട്ടികയില്‍ ഉള്‍പ്പെടുന്നു.

ലോകത്തെ സ്വാധീനിച്ച വ്യക്തികളെ കണ്ടെത്താന്‍ ടൈം മാഗസിന്‍ വായനക്കാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ ഷാരൂഖ് ഖാനാണ് ഒന്നാമതെത്തിയത്. 12 ലക്ഷത്തിലധികം പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ഷാരൂഖ് ഖാന്‍ നാല് ശതമാനം വോട്ട് നേടി. തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ഇറാനിലെ സ്ത്രീകളാണ് രണ്ടാമതെത്തിയത്.

മൂന്ന് ശതമാനം വോട്ടാണ് നേടിയത്. 2020ല്‍ കോവിഡ് മഹാമാരി തുടങ്ങിയതു മുതല്‍ മുന്നണിപ്പോരാളികളായി പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ രണ്ടു ശതമാനം വോട്ടോടെ മൂന്നാമതെത്തി. ഹാരി രാജകുമാരനും മേഗനുമാണ് നാലാം സ്ഥാനത്തെത്തിയത്. 1.9 ശതമാനം വോട്ടാണ് നേടിയത്. 1.8 ശതമാനം വോട്ട് ലയണല്‍ മെസിക്ക് ലഭിച്ചു.

Read more

ഷാരൂഖിന്റെ പഠാന്‍ 1000 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ബിഗ് സ്‌ക്രീനില്‍ തിരിച്ചെത്തിയ ചിത്രമാണ് പഠാന്‍.