ആശമാരുടെ സമരത്തെ വിമർശിച്ച് സംസ്ഥാന തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. ആശമാർക്ക് തദ്ദേശ സ്ഥാപനങ്ങളുടെ ആവർത്തന സ്വഭാവമുള്ള ധനസഹായം അംഗീകരിക്കാൻ കഴിയാത്തതാണെന്നും സമരം തീർക്കാൻ ആശമാരും വിചാരിക്കണമെന്നും മന്ത്രി പറഞ്ഞു.
ആശ സമരം അവസാനിപ്പിക്കണമെന്ന് സർക്കാർ മാത്രം വിചാരിച്ചാൽ പോര. സമരത്തിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ട്. ആശമാരെ ഇതിനായി കരുവാക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങൾ ആശമാർക്ക് പ്രഖ്യാപിച്ച ധനസഹായം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. പദ്ധതിയിൽ ഉൾപ്പെടുത്തിയ തനതു ഫണ്ട് മാത്രമെ സർക്കാർ അനുമതിയില്ലാതെ ഉപയോഗിക്കാൻ കഴിയൂ. ആവർത്തന സ്വഭാവമുള്ള ഫണ്ട് അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം ആശമാരുടെ നിരാഹാര സമരം ഇന്ന് 13ാം ദിവസത്തിലേക്ക് കടക്കുകയാണ്. വരും ദിവസങ്ങളില്‍ വ്യത്യസ്ത സമര രീതികളുമായി, കൂടുതല്‍ പേരെ അണിനിരത്തിക്കൊണ്ട് സമരം ശക്തിപ്പെടുത്തും. കൂടുതല്‍ പേര്‍ പിന്തുണയുമായി എത്തുമെന്നാണ് കണക്ക് കൂട്ടല്‍. ഓണറേറിയം 21,000 രൂപയായി വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് ആശമാര്‍ സമരം തുടങ്ങിയത്.
അതിനിടെ സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം 51-ാം ദിവസത്തിലേക്ക് കടന്നു. തല മുണ്ഡനം ചെയ്തതുള്‍പ്പടെ പ്രതിഷേധം കടുപ്പിച്ചതോടെ വീണ്ടും സര്‍ക്കാര്‍ തല ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സമരക്കാര്‍. ആവശ്യങ്ങളില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടില്‍ സമരം കടുപ്പിക്കാനാണ് നീക്കം.