റിലീസിന് മൂന്ന് മണിക്കൂര്‍ മുമ്പ് '1744 വൈറ്റ് ഓള്‍ട്ടോ'യുടെ റിവ്യൂ യൂട്യൂബില്‍; കേസെടുത്തു

ഷറഫുദ്ദീന്‍ നായകനെത്തിയ ‘1744 വൈറ്റ് ഓള്‍ട്ടോ’ പ്രദര്‍ശനത്തിന് എത്തുന്നതിന് മുന്‍പേ റിവ്യൂ എന്ന പേരില്‍ വീഡിയോ പുറത്ത്. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം തുടങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പേയാണ് യൂട്യൂബില്‍ ‘റിവ്യൂ’ എത്തിയത്.

സിനിമയുടെ നിര്‍മാതാക്കള്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് വീഡിയോ പുറത്തിറക്കിയ ആള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഫെഫ്കയിലും നിര്‍മാതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

‘തിങ്കളാഴ്ച നിശ്ചയ’ത്തിനുശേഷം സെന്ന ഹെഗ്ഡെയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ‘1744 വൈറ്റ് ആള്‍ട്ടോ’. നവംബര്‍ 18ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

‘ഗാഡി മാഫിയ’ എന്ന യൂട്യൂബ് ചാനലിലാണ് ‘1744 സിനിമ റിവ്യൂ’ എന്ന പേരില്‍ നവംബര്‍ 18ന് രാവിലെ പത്ത് മണിക്ക് മുന്‍പ് വീഡിയോ റിലീസ് ചെയ്തത്. 300 സബ്സ്‌ക്രൈബേഴ്സ് മാത്രമുള്ള ചാനലിന് പിന്നില്‍ ആരൊക്കെയുണ്ടെന്ന് ഉടന്‍ കണ്ടെത്തുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

ഷറഫുദ്ദീന്‍ പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘1744 വൈറ്റ് ആള്‍ട്ടോ’യില്‍ വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍.ജെ നില്‍ജ, രഞ്ജി കാങ്കോല്‍ എന്നിവരുമുണ്ട്. കബിനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവര്‍ ചേര്‍ന്നാണ് ‘1744 വൈറ്റ് ആള്‍ട്ടോ’ നിര്‍മിച്ചിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്.