നോവല്‍ തന്ന തൃപ്തി സിനിമ തന്നോ? ചര്‍ച്ചകള്‍ക്കിടയിലും ഗംഭീര വീക്കെന്‍ഡ് ഓപ്പണിംഗ്; 'ആടുജീവിതം' നൂറ് കോടിയിലേക്ക്

ആദ്യ വീക്കെന്‍ഡില്‍ ഗംഭീര കളക്ഷന്‍ നേടി ‘ആടുജീവിതം’. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ 50 കോടി കളക്ഷന്‍ നേടിയ ചിത്രം നാല് ദിവസം കൊണ്ട് 70 കോടി കളക്ഷന്‍ ആണ് ആഗോളതലത്തില്‍ നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ വീക്കെന്‍ഡില്‍ തന്നെ ഗംഭീര കളക്ഷന്‍ നേടിയ ചിത്രം ഉടന്‍ തന്നെ നൂറ് ക്ലബ്ബില്‍ ഇടം പിടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വളരെ വേഗത്തില്‍ 50 കോടി ക്ലബ്ബിലെത്തി സ്വന്തം റെക്കോര്‍ഡ് തന്നെ പൃഥ്വി തകര്‍ത്തിരിന്നു. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ‘ലൂസിഫര്‍’ ആയിരുന്നു ഏറ്റവും വേഗം 50 കോടി ക്ലബ്ബിലെത്തിയ ചിത്രങ്ങളുടെ കൂട്ടത്തില്‍ ഒന്നാമത്. ഈ റെക്കേര്‍ഡ് ആണ് ആടുജീവിതം തിരുത്തിയത്. ഓപ്പണിംഗ് ദിനത്തില്‍ 16.7 കോടിയായിരുന്നു ചിത്രത്തിന്റെ ആഗോള കളക്ഷന്‍.


ഗംഭീര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മണിരത്നം, കമല്‍ ഹാസന്‍, മാധവന്‍ തുടങ്ങി രാജ്യമെമ്പാടുമുള്ള പല പ്രമുഖരും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. 16 വര്‍ഷത്തെ ബ്ലെസിയുടെ പ്രയത്നങ്ങളെയും പൃത്വിരാജിന്റെ ഡെഡിക്കേഷനെയും പുകഴ്ത്തിയാണ് പ്രേക്ഷകര്‍ രംഗത്തെത്തുന്നത്.

ഇപ്പോള്‍ ആടുജീവിതത്തിന് ബഹ്‌റൈനിലും പ്രദര്‍ശനാനുമതി ലഭിച്ചിട്ടുണ്ട്. ഏപ്രില്‍ മൂന്ന് മുതലാണ് സിനിമ ബഹ്‌റൈനില്‍ പ്രദര്‍ശിപ്പിക്കുക. നേരത്തെ ജിസിസി രാജ്യങ്ങളില്‍ യുഎഇയില്‍ മാത്രമായിരുന്നു സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിച്ചിരുന്നത്. മലയാള സിനിമയുടെ കളക്ഷനില്‍ വലിയ പങ്ക് ജിസിസി രാജ്യങ്ങള്‍ വഹിക്കുന്നുണ്ട്.

അതുകൊണ്ട് ജിസിസി രാജ്യങ്ങളില്‍ കൂടി പ്രദര്‍ശനം ആരംഭിച്ചാല്‍ കളക്ഷനില്‍ വന്‍ കുതിപ്പ് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ആടുജീവിതം റിലീസ് ചെയ്ത അന്ന് തന്നെ ചിത്രത്തിന്റെ വ്യാജ പ്രിന്റ് ഓണ്‍ലൈനില്‍ എത്തിയിരുന്നു. സിനിമ ഫോണില്‍ പകര്‍ത്തിയ യുവാവിനെതിരെ കേസ് എടുത്തിട്ടുണ്ട്.