മതങ്ങള്‍ക്കപ്പുറം മനുഷ്യത്വത്തിന്റെയും ത്യാഗത്തിന്റെയും ആള്‍രൂപങ്ങളായി മുഹമ്മദും കൃഷ്ണനും; ആരാണ് ശുഭരാത്രിയിലെ ദിലീപ്-സിദ്ദിഖ് കഥാപാത്രങ്ങള്‍?

ശുഭരാത്രി എന്ന ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍ മുഹമ്മദും കൃഷ്ണനുമാണ്. യഥാക്രമം സിദ്ദിക്കും ദിലീപും പ്രതിനിധീകരിക്കുന്ന ഈ കഥാപാത്രങ്ങള്‍ വെറും സിനിമാ കഥയിലെ രണ്ടു കഥാപാത്രങ്ങള്‍ അല്ല. ജീവിച്ചിരുന്ന കഥാപാത്രങ്ങളാണ്. സമകാലിക കേരളീയ സമൂഹത്തില്‍ ഇരുവരുടെയും കഥാപാത്രങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് കാണാം. എന്തിലും ഏതിലും ജാതിയും മതവും രാഷ്ട്രീയവും പറയുന്ന ഇന്നത്തെ നമ്മുടെ സാമൂഹിക സാഹചര്യത്തില്‍ മനുഷ്യത്വത്തിന്റേയും സ്‌നേഹത്തിന്റേയും ത്യാഗത്തിന്റേയും ആള്‍ രൂപങ്ങളാണ് കൃഷ്ണനും മുഹമ്മദും.

സഹജീവിയുടെ ദുഖവും ദുരിതവും കഷ്ടപ്പാടുകളും കാണാതെ പോകുന്ന ഇന്നത്തെ തിരക്കേറിയ ജീവിത സാഹചര്യങ്ങളില്‍ മുഹമ്മദിന്റേയും കൃഷ്ണന്റേയും കഥ ഉള്ളുലയ്ക്കുന്നതായിരിക്കും. അതെ, 100 ശതമാനം ഫാമിലി, 200 ശതമാനം ഫീല്‍ ഗുഡ് സിനിമ.

ചിത്രത്തിലെ കൃഷ്ണന്‍ സാധാരണക്കാരനായ ചെറുപ്പക്കാരനാണ്.കൃഷ്ണന് ഒരു പ്രണയമുണ്ട്. പണം പലിശക്ക് കൊടുക്കുന്ന വലിയ ബിസിനസുകാരന്റെ മകള്‍ ശ്രീജയാണ് കാമുകി. മകളുടെ പ്രണയം വീട്ടുകാര്‍ അറിഞ്ഞതോടെ ആകെ പ്രശ്നമായി. കാര്യം കൈ വിട്ടു പോകുമെന്നറിഞ്ഞപ്പാേള്‍ വിവരം കൃഷ്ണനെ അറിയിക്കുന്നു. തുടര്‍ന്നാണ് കൃഷ്ണന്‍ ശ്രീജയുടെ വീട്ടില്‍ വരുകയും ആ പ്രതേക്യ സാഹചര്യത്തില്‍ ശ്രീജ കൃഷണന്റെ കൂടെ ഇറങ്ങി പോകുകയും ചെയ്യുന്നു. അമ്പലത്തില്‍ വെച്ച് വിവാഹിതരായ അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് ശുഭരാത്രി”യില്‍ ദൃശ്യവത്കരിക്കുന്നത്. ശ്രീജയായി അനു സിത്താരയും മാതാപിതാക്കളായി ജയന്‍ ചേര്‍ത്തലയും രേഖ സതീഷും അഭിനയിക്കുന്നു.

ഏറെ നിരൂപക പ്രശംസ നേടിയ അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിനുശേഷം വ്യാസന്‍ കെ.പി (വ്യാസന്‍ എടവനക്കാട്) രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ലൈലത്തുല്‍ ഖദര്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.

ദിലീപിന്റെ ആകാംക്ഷയുണര്‍ത്തുന്ന അഭിനയ മുഹൂര്‍ത്തങ്ങളാണ് ട്രെയിലറിലുള്ളത്. ഇത്തവണയും പുതുമയുളള ഒരു പ്രമേയം പറയുന്ന സിനിമയുമായി എത്തുന്ന ദിലീപ് ചിത്രത്തിന് 200 ശതമാനം ഗ്യാരണ്ടിയാണ് നല്‍കുന്നത്. 100 ശതമാനം ഫാമിലി ചിത്രവും, 200 ശതമാനം ഫീല്‍ ഗുഡ് ചിത്രവുമെന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് ദിലീപ് കുറിച്ചിരിക്കുന്നത്.

നെടുമുടി വേണു, സായി കുമാര്‍, ഇന്ദ്രന്‍സ്, നാദിര്‍ഷ, അജു വര്‍ഗീസ്, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

Read more

സംഗീതം ബിജിബാല്‍. നിര്‍മ്മാണം അരോമ മോഹന്‍. വിതരണം അബാം മൂവീസ്. ആല്‍ബിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.