അടുത്ത ജന്മത്തില്‍ സ്ത്രീയായോ ബ്രാഹ്‌മണനായോ ജനിച്ചോളൂ, എന്നാലും ഈ ജന്മത്തില്‍ ഇത് വേണ്ട: അഡ്വ. സി. ഷൂക്കൂര്‍

മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ സുരേഷ് ഗോപിക്കതിരെ പ്രതികരിച്ച് നടനും അഭിഭാഷകനുമായ ഷുക്കൂര്‍. സുരേഷ് ഗോപി ചെയ്തത് ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 354 പ്രകാരം കുറ്റകൃത്യമാണെന്നും അനിഷ്ടം പ്രകടമാക്കിയിട്ടും ശരീരത്തില്‍ തൊടുന്ന പരിപാടി കുറ്റകൃത്യമാണെന്നും ഷുക്കൂര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

”പത്രക്കാരോട് സംസാരിക്കുമ്പോള്‍ സ്ത്രീ പത്ര പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ മുന്‍ എംപി സുരേഷ് ഗോപി ചെയ്തതു ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 354 പ്രകാരം കുറ്റകൃത്യമാണ്. അടുത്ത ജന്മത്തില്‍ ബ്രാഹ്‌മണനോ സ്ത്രീയോ ഏത് രീതിയിലും ജനിച്ചോളൂ, ന്നാല്, ഈ ജന്മത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുവാന്‍ മൈക്കുമായി മുന്നില്‍ വരുന്ന സ്ത്രീയോട് , അവര്‍ അനിഷ്ടം പ്രകടമാക്കിയിട്ടും ശരീരത്തില്‍ തൊടുന്ന പരിപാടി കുറ്റകൃത്യമാണ് സാറേ” എന്നാണ് നടന്റെ വാക്കുകള്‍.

കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവെച്ചത്. ഇത് ആവര്‍ത്തിച്ചപ്പോള്‍ സുരേഷ് ഗോപിയുടെ കൈ മാധ്യമപ്രവര്‍ത്തക എടുത്ത് മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു.

സംഭവം വിവാദമായതോടെയാണ് സുരേഷ് ഗോപി മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്. എന്നാല്‍ താന്‍ നിയമനടപടിയുമായി മുന്നോട്ട് പോവുകയാണെന്ന് മാധ്യമപ്രവര്‍ത്തക വ്യക്തമാക്കിയിരുന്നു. കോഴിക്കോട് നടക്കാവ് പൊലീസ് നടനെതിരെ കേസ് എടുത്തിട്ടുണ്ട്.