500 കോടി മുതല്‍ മുടക്കില്‍ പ്രഭാസിന്റെ 'ആദിപുരുഷ്', ഇത് ബാഹുബലിക്കും മേലെ!

പ്രഭാസിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ആദിപുരുഷ് ഒരുങ്ങുന്നു. 500 കോടി രൂപ മുതല്‍ മുടക്കിലാണ് ‘ആദിപുരുഷ്’ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. പ്രിന്റിംഗിനും പബ്ലിസിറ്റിക്കും പുറമെയാണിത്. അതേസമയം പ്രഭാസിന്റെ ബാഹുബലി ചിത്രങ്ങള്‍ക്ക് 200 കോടിയില്‍ താഴെ മാത്രമാണ് ചെലവായത്.

പ്രഭാസും സെയ്ഫ് അലി ഖാനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം രാമായണത്തെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാമനായാണ് പ്രഭാസ് എത്തുന്നത്. രാവണനായി സെയ്ഫ് അലി ഖാനും.

കൃതി സനോണ്‍ സീതയായി എത്തുന്നു. സണ്ണി സിംഗ് ആണ് ലക്ഷ്മണന്റെ വേഷത്തില്‍ എത്തുന്നത്. ഭൂഷണ്‍ കുമാര്‍, ഓം, പ്രസാദ് സുധാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളില്‍ പുറത്തിറങ്ങും.

രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന ആദിപുരുഷ് 3ഡി ചിത്രമായാണ് ഒരുക്കുക. ആക്ഷന്‍ ഡ്രാമയായ ചിത്രം നന്മയും തിന്മയും തമ്മിലുള്ള യുദ്ധത്തെയാണ് ചിത്രീകരിക്കുന്നത്. തിന്മയ്ക്ക് മുകളില്‍ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍.

Read more

വിഎഫ്എക്സിന് വലിയ പ്രാധാന്യമുള്ള സിനിമയുടെ അണിയറയില്‍ നിരവധി വിദേശ സാങ്കേതിക പ്രവര്‍ത്തകരും അണിനിരക്കുന്നുണ്ട്.  ചിത്രം 2023 ജനുവരിയില്‍ റിലീസിന് എത്തുമെന്നാണ് കരുതുന്നത്. ഒക്ടോബര്‍ മാസം മുതല്‍ ചിത്രത്തിന്റെ പ്രചാരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.