ഇന്ത്യന്‍ നിയമസംവിധാനം കൈയിലെ കളിപ്പാവയാണ് എന്ന് കരുതുന്ന എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പ്; ബൈജുകൊട്ടാരക്കര മാപ്പ് പറയേണ്ടി വന്നതിനെ കുറിച്ച് അഭിഭാഷക

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതി ജഡ്ജിക്കെതിരായ പരാമര്‍ശത്തില്‍ സംവിധായകന്‍ ബൈജു കൊട്ടാരക്കര നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. ജഡ്ജിയെ അവഹേളിക്കാനോ ജുഡീഷ്യറിയെ താഴ്ത്തിക്കെട്ടാനോ താന്‍ ശ്രമിച്ചിട്ടില്ലെന്നും ബൈജു കോടതിയില്‍ പറഞ്ഞു. ഇപ്പോഴിതാ ബൈജു കൊട്ടാരക്കര മാപ്പ് പറഞ്ഞ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചിരിക്കുകയാണ് അഭിഭാഷക അനില ജയന്‍.

അഭിഭാഷക ഫെയ്‌സ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെ

എത്ര കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയുമാണ് ഓരോ മനുഷ്യരും കോടതിയിലെത്തുന്നത് എന്ന് നേരിട്ട് കാണുന്നതാണ്. നാട്ടുകാരും പോലീസുമൊക്കെ എതിരാണെങ്കിലും ഒരുനാള്‍ സത്യം പുറത്തുവരുമെന്ന് വിശ്വസിച്ച് ഈ നാട്ടിലെ മനുഷ്യര്‍ ആശ്രയിക്കുന്ന ആശാകേന്ദ്രങ്ങളാണ് കോടതികള്‍.

യാതൊരു പ്രകോപനവും ഇല്ലാതെ ഒരു ചാനല്‍ ചര്‍ച്ചയില്‍ കോടതിക്ക് നേരെ പരാമര്‍ശം നടത്തിയിട്ട്, വിചാരണ കോടതിയിലെ വനിതാ ജഡ്ജിയുടെ ഇന്റഗ്രിറ്റി ചോദ്യം ചെയ്തിട്ട് കോടതിയില്‍ കയറാതെ നടക്കാം എന്നാണ് ബൈജു വിചാരിച്ചതെന്ന് തോന്നുന്നു. മാപ്പും പറയിച്ച് കുറച്ചുനാള്‍ കോടതിയില്‍ കയറിയിറങ്ങാനുള്ള ഇണ്ടാസും കൊടുത്തുവിട്ടിട്ടുണ്ട്. ഇത് ഇന്ത്യന്‍ നിയമസംവിധാനം തങ്ങളുടെ കയ്യിലെ കളിപ്പാവായാണ് എന്ന് കരുതുന്ന എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പായിരിക്കട്ടെ

കോടതി അലക്ഷ്യക്കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി നേരത്തേ സംവിധായകന് നോട്ടീസ് നല്‍കിയിരുന്നു. നേരിട്ട് ഹാജരാകണമെന്നും വിശദീകരണം നല്‍കാനുള്ള അവസാന അവസരമായിരിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ബൈജു കൊട്ടാരക്കര ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് മുന്നില്‍ ഹാജരായത്.