'ഏജന്റ്' പോലൊരു തെറ്റ് ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല, വന്‍ വിജയം നേടുമെന്ന് കരുതി പക്ഷെ..; പ്രതികരിച്ച് നിര്‍മ്മാതാവ്

അഖില്‍ അക്കിനേനി-മമ്മൂട്ടി ചിത്രം ‘ഏജന്റി’ന്റെ പരാജയത്തില്‍ പ്രതികരിച്ച് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ അനില്‍ സുന്‍കര. നല്ലൊരു തിരക്കഥയില്ലാതെ പടം തുടങ്ങിയത് വലിയ അബദ്ധമായിരുന്നു. എല്ലാ തെറ്റുകളും തങ്ങളുടെ ഭാഗത്താണ്, ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല എന്നാണ് അനില്‍ സുന്‍കര ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

”എല്ലാ കുറ്റങ്ങളും ഞങ്ങള്‍ തന്നെ ഏറ്റെടുക്കുന്നു. ഇത് വലിയൊരു ദൗത്യമാണെന്ന് ഞങ്ങള്‍ക്ക് അറിയാം. വന്‍ വിജയം നേടുമെന്ന് കരുതി. എന്നാല്‍ അക്കാര്യത്തില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. നല്ലൊരു സ്‌ക്രിപ്റ്റ് ഇല്ല. കൂടാതെ മറ്റു പ്രശ്നങ്ങളും. ഒഴിവു കഴിവുകളൊന്നും പറയുന്നില്ല.”

”ഈ തെറ്റില്‍ നിന്ന് വലിയ പാഠം പഠിച്ചു. ഇനി ഒരിക്കലും ഈ തെറ്റ് ആവര്‍ത്തിക്കില്ല. ഞങ്ങള്‍ വിശ്വാസം അര്‍പ്പിച്ച എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഭാവി പ്രോജക്ടുകളില്‍ ഈ തെറ്റുകള്‍ തിരുത്തും കഠിനാധ്വാനത്തിലൂടെ ഞങ്ങള്‍ക്കുണ്ടായ നഷ്ടം നികത്തുകയും ചെയ്യും” എന്നാണ് നിര്‍മ്മാതാവിന്റെ ട്വീറ്റ്.

സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനം ചെയ്ത ചിത്രം മോശം അഭിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്. സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ ആയി എത്തിയ ചിത്രം ബിഗ് ബജറ്റിലാണ് ഒരുക്കിയത്. ചിത്രത്തില്‍ സാക്ഷി വൈദ്യ ആണ് നായിക. ‘ദി ഗോഡ്’ എന്ന നിര്‍ണ്ണായക വേഷത്തില്‍ ഡിനോ മോറിയയും സിനിമയില്‍ എത്തിയിരുന്നു.

Read more

എന്നാല്‍ ദുരന്തം എന്നാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി അഖില്‍ അക്കിനേനി വമ്പന്‍ മേക്കോവര്‍ നടത്തിയിരിന്നു. ഹൈദരാബാദ്, ഡല്‍ഹി, ഹംഗറി എന്നിവിടങ്ങളിലായായാണ് ചിത്രം ഷൂട്ട് ചെയ്തത്.