തുനിവ് കാണാന്‍ പോകുന്ന വഴി ലോറിയ്ക്ക് മുകളില്‍ നൃത്തം; അജിത്ത് ആരാധകന് ദാരുണാന്ത്യം

അജിത്ത് നായകനായെത്തുന്ന തുനിവ് സിനിമയുടെ റിലീസിനിടെ ലോറിയില്‍ നിന്ന് വീണ് അജിത്ത് ആരാധകന് ദാരുണാന്ത്യം. ചെന്നൈ രോഹിണി തിയേറ്ററിന് സമീപത്തായി പൂനമല്ലി ഹൈവേയിലായിരുന്നു സംഭവം.

തുനിവിന്റെ ആദ്യ ഷോ കാണാനായി ആരാധകര്‍ ലോറിയ്ക്ക് മുകളില്‍ നിന്ന് ഡാന്‍സും പാട്ടുമായി യാത്ര ചെയ്യുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒരു മണിയ്ക്കായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. മറ്റ് ആരാധകരോടൊപ്പം ലോറിയ്ക്ക് മുകളില്‍ നിന്ന് നൃത്തം ചെയ്യുകയായിരുന്ന ഭാരത് കുമാറാണ് (19) മരിച്ചത്.

ചെന്നൈ ചിന്താദ്രിപേട്ട് സ്വദേശിയാണ്. നൃത്തം ചെയ്യുന്നതിനിടെ ലോറിയില്‍ നിന്നുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാരതിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. വിജയ് ചിത്രം വാരിസും അജിത്ത് ചിത്രം തുനിവും ഒരുമിച്ചെത്തുന്നതിനാല്‍ തമിഴ്നാട്ടിലൊട്ടാകെ വമ്പന്‍ ആഘോഷങ്ങളുണ്ടായിരുന്നു.

അതുകൊണ്ട് തന്നെ സര്‍ക്കാര്‍ നിരവധി നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. വലിയ കട്ടൗട്ടുകള്‍ ഉപയോഗിക്കരുത്, പാലഭിഷേകം നടത്തരുത് തുടങ്ങിയ വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ വേണ്ടത്ര ഫലം ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ട്. ചിത്രങ്ങളുടെ റിലീസിന്റെ ഭാഗമായി നിരത്തുകളില്‍ ആയിരങ്ങളാണ് തടിച്ചുകൂടിയത്. ഇരുതാരങ്ങളുടെയും ആരാധകരെ നിയന്ത്രിക്കാന്‍ പൊലീസ് പാടുപെടുന്നുണ്ടായിരുന്നു.