'അമ്മ'യുടെ ഓഫീസ് ഒഎൽഎക്സിൽ; വാതിലില്‍ മുട്ടിയോ, മെസഞ്ചറില്‍ സന്ദേശം അയച്ചോ വാങ്ങാന്‍ താത്പര്യം അറിയിക്കാം!

എ. എം. എം. എ യുടെ ആസ്ഥാനമന്ദിരം ്് ഒഎൽഎക്സിൽ വിൽപനയ്ക്ക്. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നവർക്കെതിരെ ലൈംഗികാരോപണം ഉയരുകയും കേസ് എടുക്കുയകയും ചെയ്തതിന് പിന്നാലെ ഭരണസമിതി പിരിച്ചുവിടുകയും പ്രമുഖ അംഗങ്ങളെല്ലാം രാജി വെക്കുകയും ചെയ്തിരുന്നു.

അതിന് പിന്നാലെയാണ് ഇപ്പോൾ എ. എം. എം. എയുടെ ഓഫീസ് ആരോ ഒഎൽഎക്സിൽ ഇട്ടിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിനാല്‍ പെട്ടെന്ന് വില്‍പ്പന നടത്തുകയാണെന്നാണ് ഡിസ്ക്രിപ്ഷനിൽ പറയുന്നത്. വാതില്‍ മുട്ടിയോ, മെസഞ്ചറില്‍ സന്ദേശം അയച്ചോ വാങ്ങാന്‍ താല്‍പ്പര്യം അറിയിക്കാമെന്നും, മുട്ടലുകൾ കാരണം വാതിലുകൾക്ക് ബലക്കുറവുണ്ടെന്നും, കൂടെയുള്ളവരുടെ കയ്യിലിരിപ്പ് കാരണം വിൽക്കുന്നുവെന്നും ഡിസ്ക്രിപ്ഷനിൽ പറയുന്നു. 20000 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത് എന്നതാണ് രസകരമായ കാര്യം.

നേരത്തെ ലോ കോളേജ് വിദ്യാർത്ഥികൾ എ. എം. എം. എയുടെ ഓഫീസിന് മുന്നിൽ റീത്ത് വെച്ചത് വലിയ വാർത്തയായിരുന്നു. അച്ഛനില്ലാത്ത അമ്മയ്ക്ക് എന്നെഴുതിയാണ് റീത്ത് സമർപ്പിച്ചത്.

അതേസമയം ഹേമ കമ്മീഷൻ റിപ്പോർട്ടിന് പിന്നാലെ നിരവധിപേരാണ് തങ്ങൾക്ക് നേരിടേണ്ടിവന്ന ലൈംഗികാതിക്രമം വെളിപ്പെടുത്തി മുന്നോട്ട് വന്നത്. സംവിധായകൻ രഞ്ജിത്ത്, നടനും മുൻ എഎംഎംഎ ജനറൽ സെക്രട്ടറി സിദ്ദിഖ്, കൊല്ലം എംഎൽഎ മുകേഷ്, ജയസൂര്യ, വികെ പ്രകാശ്, ബാബുരാജ്, മണിയൻപിള്ള രാജു, ഇടവേള ബാബു, റിയാസ് ഖാൻ തുടങ്ങീ പതിനെട്ടോളം പേർക്കെതിരെയാണ് ഇതുവരെ വെളിപ്പെടുത്തലുകൾ വന്നത്.