പിരിച്ചുവിട്ട തൊഴിലാളികളെ നഷ്ടപരിഹാരം നല്‍കി തിരിച്ചെടുക്കണമെന്ന് ലേബര്‍ കോടതിവിധി നടപ്പാക്കാന്‍ മുത്തൂറ്റ് ഫിനാന്‍സ് മാനേജ്‌മെന്റ് തയ്യാറാകണമെന്ന് സിഐടിയു സംസ്ഥാന കമ്മറ്റി. കോടതിവിധി മാനിച്ച് തൊഴിലാളി യൂണിയനെ അംഗീകരിക്കാന്‍ മാനേജ്മെന്റ് തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു.
തൊഴിലാളി യൂണിയന്‍ രൂപീകരിച്ചതിന് പ്രതികാര നടപടിയുമായി 164 പേരെയാണ് 2019ല്‍ പിരിച്ചുവിട്ടത്. 43 ശാഖകള്‍ അടച്ചുപൂട്ടി. തിരിച്ചെടുക്കാനാവശ്യപ്പെട്ട് 83 ദിവസം നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ സമരം നടത്തി. സമരക്കാരെ തല്ലിയൊതുക്കാനും കള്ളക്കേസെടുപ്പിക്കാനും ശ്രമിച്ചു. സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ക്കും തയ്യാറായില്ല.
എന്നാല്‍, വന്‍ജനപിന്തുണ സമരത്തിന് ലഭിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രത്യക്ഷസമരം മാറ്റേണ്ടിവന്നു. നീണ്ടകാലത്തെ കോടതി നടപടികള്‍ക്കുശേഷമാണ് എറണാകുളം ലേബര്‍ ട്രൈബ്യൂണല്‍ നിര്‍ണായകവിധി ഇറക്കിയത്. 164പേരെയും മുന്‍കാല പ്രാബല്യത്തോടെ തിരിച്ചെടുക്കാനാണ് കോടതിവിധി. സമരം ഉപേക്ഷിച്ച് സ്വയം പിരിഞ്ഞുപോയ 73 പേരൊഴികെയുള്ളവരെ തിരിച്ചെടുക്കണം.
2016ലാണ് മുത്തൂറ്റ് ഫിനാന്‍സ് ഉള്‍പ്പെടെ മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മിനി മുത്തൂറ്റ്, മണപ്പുറം ഫിനാന്‍സ്, മഹീന്ദ്ര ഫിനാന്‍സ്, ബജാജ് ഫിന്‍ സെര്‍വ് എന്നിവിടങ്ങളിലെ യൂണിയന്‍ അംഗങ്ങളെചേര്‍ത്ത് നോണ്‍ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) രൂപീകരിച്ചത്.
Read more
26,000ത്തോളം മുത്തൂറ്റ് ജീവനക്കാര്‍ക്ക് 20 ശതമാനം ബോണസ് നല്‍കാന്‍ ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലിന്റെ മറ്റൊരു വിധി നേടാനും സിഐടിയു ഇടപെടലിന് കഴിഞ്ഞു. സമരത്തിലുറച്ചുനിന്ന തൊഴിലാളികളെസംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി എളമരം കരീം എന്നിവര്‍ അഭിവാദ്യം ചെയ്തു.