ഈ ദിവസങ്ങളില്‍ നേരിട്ട വിഷമത്തിന് എന്റെ അപ്പന്റേം അമ്മയുടെയും ജീവിതത്തിന്റെ വിലയുണ്ട്; ആന്റണി വര്‍ഗീസിന്റെ സഹോദരി

സംവിധായകന്‍ ജൂഡ് ആന്തണിയുടെ ആരോപണങ്ങളോട് പ്രതികരിച്ച് നടന്‍ ആന്റണി വര്‍ഗീസിന്റെ സഹോദരി അഞ്ജലി വര്‍ഗീസ്. ആന്റണി പത്തു ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി സഹോദരിയുടെ വിവാഹം നടത്തിയ ശേഷം സിനിമയില്‍ നിന്നും പിന്മാറി എന്നായിരുന്നു ജൂഡ് ആരോപിച്ചത്. ഇതിന് ആന്റണി മറുപടിയും നല്‍കിയിരുന്നു.

ഈ ആരോപണങ്ങള്‍ കാരണം തനിക്കും കുടുംബത്തിനും നേരിട്ട വിഷമത്തിന്റെ വില നിങ്ങള്‍ക്ക് മനസിലാകണമെന്നില്ല എന്നാണ് ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ നടന്റെ സഹോദരി പറയുന്നത്. വിവാഹ ദിവസത്തിലുള്ള ഒരു ചിത്രം പങ്കുവച്ചാണ് അഞ്ജലിയുടെ കുറിപ്പ്.

”രണ്ടു ദിവസത്തോളം ഞങ്ങള്‍ അനുഭവിച്ച സങ്കടങ്ങള്‍ക്കുള്ള ഉത്തരമാണ് ഇന്ന് ചേട്ടന്‍ പറഞ്ഞത്…. ഈ ദിവസങ്ങളില്‍ എനിക്കും കുടുംബത്തിനും നേരിട്ട വിഷമത്തിന്റെ വില ചിലപ്പോള്‍ നിങ്ങള്‍ക്ക് മനസിലായിക്കൊള്ളണം എന്നില്ല പക്ഷെ അതിനു എന്റെ അപ്പന്റേം അമ്മയുടെയും ഇതുവരെയുള്ള ജീവിതത്തിന്റെ വിലയുണ്ട്…” എന്നാണ് അഞ്ജലി കുറിച്ചത്.

തന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ അഡ്വാന്‍സായി നല്‍കിയ 10 ലക്ഷം രൂപ കൊണ്ടാണ് ആന്റണി സഹോദരിയുടെ വിവാഹം നടത്തിയതെന്നും ഷൂട്ട് തുടങ്ങുന്നതിന് 18 ദിവസം മുമ്പ് നടന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയെന്നുമാണ് ജൂഡ് ആന്തണി ആരോപിച്ചത്.

ഈ ആരോപണം തെളിവുകള്‍ നിരത്തി പെപ്പെ തള്ളിക്കളഞ്ഞു. സിനിമയുടെ അഡ്വാന്‍സ് തുകയായി നിര്‍മ്മാതാവ് നല്‍കിയ പണം തിരികെ നല്‍കി ഒരു വര്‍ഷത്തിന് ശേഷമായിരുന്നു സഹോദരിയുടെ കല്യാണം. പണം തിരികെ നല്‍കിയതിന്റെ രേഖകളും ആന്റണി പുറത്തുവിട്ടിരുന്നു. ഇതിനെതിരെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

Read more

10 ലക്ഷം രൂപ തിരിച്ച് തന്നതു കൊണ്ട് മാത്രം തീരുന്നതല്ല പ്രശ്‌നം. ആന്റണി പിന്‍മാറിയപ്പോള്‍ പലരുടെയും ജീവിതം വഴിമുട്ടി, ജൂഡ് ഉള്‍പ്പെടയുള്ളവര്‍ പൊട്ടിക്കരഞ്ഞാണ് പോയത് എന്നതടക്കം നിരവധി പ്രശ്‌നങ്ങള്‍ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.